നിരോധിത മയക്കുമരുന്നായ എം.ഡി.എം.എയുമായി ഡോക്ടര്‍ പൊലീസ് പിടിയില്‍. തൃശൂര്‍ മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഹൗസ് സര്‍ജനും കോഴിക്കോട് സ്വദേശിയുമായ അക്വില്‍ മുഹമ്മദ് ഹുസൈനെയാണ് മെഡിക്കല്‍ കോളജ് പൊലീസ് പിടികൂടിയത്. 2.4 ഗ്രാം എം.ഡി.എം.എയാണ് ഇയാളില്‍ നിന്ന് പിടിച്ചെടുത്തത്.
ബംഗളൂരുവില്‍ നിന്നാണ് ഇത് എത്തിച്ചിരുന്നത്. മെഡിക്കല്‍ കോളജ് പരിസരത്തെ സ്വകാര്യ ഹോസ്റ്റലില്‍ നിന്നാണ് മയക്കുമരുന്ന് പിടിച്ചെടുത്തത്. ഇതിന് ഏകദേശം 15,000 രൂപക്ക് മുകളില്‍ വരുമെന്നാണ് പൊലീസ് പറയുന്നത്. സ്വന്തം ഉപയോഗത്തിനായാണ് മയക്കുമരുന്ന് കൊണ്ടു വന്നത് എന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ മയക്കുമരുന്ന് നല്കിയതാരാണ് എന്നതിനെകുറിച്ചെല്ലാം വിശദമായ അന്വേഷണം നടന്നു വരികയാണ്.
മെഡിക്കല്‍ കോളജിലെ ഡോക്ടര്‍ ഇത്തരത്തില്‍ ലഹരിയുമായി പിടിയിലായത് ആശങ്കയോടെയാണ് ആശുപത്രി അധികൃതരും രോഗികളും പൊലീസും നോക്കിക്കാണുന്നത്.