ബിഹാറിലെ വ്യാജമദ്യ ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം ഉയരുന്നു. ദുരന്തത്തില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 70 ആയി. ചികിത്സയില്‍ കഴിയുന്ന പലരുടെയും നില ഗുരുതരമായി തുടരുകയാണ്. മുഖ്യമന്ത്രി നിതീഷ് കുമാറിനെതിരെ കേസ് എടുക്കണമെന്ന് എല്‍ജെപി അധ്യക്ഷന്‍ ചിരാഗ് പാസ്വാന് ആവശ്യപ്പെട്ടു. നടന്നത് ഭരണകൂട കൊലപാതകമാണെന്ന് ചിരാഗ് ആരോപിച്ചു. മദ്യദുരന്തവുമായി ബന്ധപ്പെട്ട് രജിസ്റ്റര്‍ ചെയ്ത കേസില്‍ നാല് പേരാണ് ഇതുവരെ അറസ്റ്റിലായത്.
അതേസമയം, പ്രതിപക്ഷം പ്രതിഷേധം കടുപ്പിക്കുമ്പോഴും മരിച്ചവരുടെ കുടുംബാംഗങ്ങള്‍ക്ക് ധനസഹായം നല്‍കില്ലെന്ന നിലപാടില്‍ ഉറച്ച് നില്‍ക്കുകയാണ് മുഖ്യമന്ത്രി നിതീഷ് കുമാര്‍.മദ്യം കഴിച്ചാല്‍ തീര്‍ച്ചയായും മരിക്കുമെന്ന് കഴിഞ്ഞ ദിവസം നിതീഷ് കുമാര്‍ പറഞ്ഞത് വിവാദമായിരുന്നു. മദ്യദുരന്തത്തിന് കാരണക്കാരനായ മുഖ്യമന്ത്രിക്കെതിരെ കേസെടുക്കണമെന്നും, ബിഹാറില്‍ രാഷ്ട്രപത ഭരണ വേണമെന്നും എല്‍ജെപി നേതാവ് ചിരാഗ് പാസ്വാന് ആവശ്യപ്പെട്ടു. പ്രതിഷേധം തുടരാനാണ് ബിജെപിയുടെയും തീരുമാനം. അതേസമയം, വിമര്‍ശനം ശക്തമായതോടെ സംസ്ഥാനത്ത് പരിശോധനകള്‍ ശക്തമാക്കി. അനധികൃത മദ്യ നിര്‍മാണ കേന്ദ്രങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 126 പേരെ അറസ്റ്റ് ചെയ്തതായി അധികൃതര്‍ അറിയിച്ചു.
മദ്യപിച്ചാല്‍ മരിക്കുമെന്നും നഷ്ടപരിഹാരം നല്‍കാനാകില്ലെന്നും നിതീഷ് നിയമസഭയില്‍ വ്യക്തമാക്കിയിരുന്നു. മദ്യപിക്കരുതെന്ന് ദീര്‍ഘകാലമായി പറയുന്നതാണ്. മദ്യപിച്ചാല്‍ മരിക്കും. അനധികൃത മദ്യം കഴിച്ചാല്‍ ഉറപ്പായും മരിക്കും. മദ്യത്തിന് അനുകൂലമായി സംസാരിക്കുന്നവര്‍ക്ക് അതുകൊണ്ട് ഒരു ഗുണവുമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മദ്യപിക്കുന്നവര്‍ മരിക്കുമെന്ന മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ പ്രസ്താവനയില്‍ ഇന്നലെയും നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമായിരുന്നു. മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നല്കാന് കഴിയില്ലെന്ന് വീണ്ടും നിതീഷ് കുമാര്‍ ഇന്നലെ ആവര്‍ത്തിച്ചു.