സ്വര്‍ണക്കടത്ത് കേസിലെ മുഖ്യപ്രതികളിലൊരാളായ സന്ദീപ് നായര്‍ക്കെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തിയതില്‍ എന്‍ഐഎയ്ക്ക് അതൃപ്തി. സന്ദീപ് നായരെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ തയാറെടുക്കുന്നതിനിടെയായിരുന്നു കസ്റ്റംസിന്റെ നീക്കം. അതേസമയം സന്ദീപ് നായരുടെ രഹസ്യമൊഴി കൈമാറണമെന്ന കസ്റ്റംസിന്റെയും എന്‍ഫോഴ്സ്മെന്റിന്റെയും ആവശ്യത്തില്‍ മറുപടി അറിയിക്കാന്‍ അന്വേഷണ സംഘത്തോട് എന്‍ഐഎ കോടതി നിര്‍ദേശിച്ചു.
സ്വര്‍ണക്കടത്തിലെ പ്രധാനികളായ കെ.ടി റമീസുമായും സ്വപ്ന നായരുമായും അടുത്ത ബന്ധമുള്ള സന്ദീപ് നായരുടെ രഹസ്യമൊഴി നിര്‍ണായകമാണെന്നാണ് എന്‍ഐഎ വിലയിരുത്തല്‍. സ്വര്‍ണക്കടത്തിന്റെ മുഴുവന്‍ വിശദാംശങ്ങളും സന്ദീപിന്റെ രഹസ്യമൊഴിയിലുണ്ട്. മൊഴി പരിശോധിച്ച് സന്ദീപിനെ മാപ്പുസാക്ഷിയാക്കാന്‍ എന്‍ഐഎ തയാറെടുക്കുന്നതിനിടെയാണ് സന്ദീപിനും സ്വപ്നയ്ക്കുമെതിരെ കസ്റ്റംസ് കോഫെപോസ ചുമത്തിയത്. കോഫെപോസ പ്രകാരം ഇവര്‍ ഒരു വര്‍ഷത്തെ കരുതല്‍ തടങ്കലിലാവും. കസ്റ്റംസ് നടപടി സന്ദീപിനെ മാപ്പുസാക്ഷിയാക്കി കേസുമായി മുന്നോട്ടുപോകുന്നതില്‍ തടസമാകുമോ എന്ന ആശങ്ക എന്‍ഐഎയ്ക്ക് ഉണ്ട്.
അതേസമയം സന്ദീപിന്റെ രഹസ്യമൊഴിക്കായി കസ്റ്റംസും എന്‍ഫോഴ്സ്മെന്റും എന്‍ഐഎ കോടതിയെ സമീപിച്ചിട്ടുണ്ട്. രഹസ്യമൊഴി ഒരു കേസിലെ അന്വേഷണ ഉദ്യോഗസ്ഥന് മാത്രമായാണോ നല്‍കുന്നത് എന്നതില്‍ തീരുമാനം അറിയിക്കാന്‍ കോടതി എന്‍ഐഎ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. രഹസ്യമൊഴി നല്‍കുന്നത് സംബന്ധിച്ച് ബുധനാഴ്ച തീരുമാനമുണ്ടാകും.