തെരുവുനായ കടിച്ചാല്‍ ജനങ്ങള്‍ക്ക് സൗജന്യ ചികിത്സ ഉറപ്പാക്കണമെന്ന നിര്‍ദേശവുമായി ഹൈക്കോടതി. ഇത് സംബന്ധിച്ച് ഇടക്കാല ഉത്തരവിറക്കാമെന്നും ജസ്റ്റിസ് ജയശങ്കരന്‍ നമ്പ്യാര്‍ അധ്യക്ഷനായ ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. തെരുവു നായ്ക്കളെ കൊല്ലുന്നവര്‍ക്കെതിരെ നടപടി വേണമെന്ന അനിമല്‍ വെല്‍ഫയര്‍ ബോര്‍ഡും കോടതിയെ അറിയിച്ചു.
തെരുവ് നായ്ക്കളെ അക്രമിക്കുന്നത് സംബന്ധിച്ച് ഡിജിപി ഇറക്കിയ സര്‍ക്കുലര്‍ കോടതിയില്‍ ഹാജരാക്കി. തെരുവുനായ ശല്യം നേരിടാനുള്ള നടപടികള്‍ സ്വീകരിച്ചതായി സര്‍ക്കാരും കോടതിയെ അറിയിച്ചു.
തെരുവു നായകള്‍ക്കെതിരെയുള്ള അതിക്രമം തടയണമെന്ന് നിര്‍ദേശിച്ച് സംസ്ഥാന പൊലീസ് മേധാവിയുടെ സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. നായ്ക്കളെ ഉപദ്രവിക്കുന്നതും വിഷം നല്‍കുന്നതും തടയണമെന്ന് എസ് എച്ച് ഒമാര്‍ക്ക് ഡിജിപി അനില്‍ കാന്ത് നിര്‍ദേശം നല്കി.
സംസ്ഥാനത്ത് ഈ വര്‍ഷം ഇതുവരെ രണ്ട് ലക്ഷത്തിലെറെ പേര്‍ക്ക് നായയുടെ കടിയേറ്റെന്നാണ് കണക്ക്. പേവിഷബാധയേറ്റുള്ള മരണം ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്തത് തിരുവനന്തപുരം ജില്ലയിലാണ്. സംസ്ഥാനത്ത് കഴിഞ്ഞ നാല് വര്‍ഷത്തിനിടെ തെരുവുനായയുടെ കടിയേറ്റത് അഞ്ച് ലക്ഷത്തി എണ്‍പത്തി ആറായിരം പേര്‍ക്ക്. ഈ വര്‍ഷം മാത്രം കടിയേറ്റവരുടെ എണ്ണം രണ്ട് ലക്ഷം കവിഞ്ഞു.
മെയ് മുതല്‍ ആഗസ്റ്റ് വരെ ചികിത്സ തേടിയത് ഒരു ലക്ഷത്തി എണ്‍പത്തിമൂവായിരം പേര്. കഴിഞ്ഞ പത്ത് വര്‍ഷത്തേക്കാള്‍ ഏറ്റവും കൂടുതല്‍ പേ വിഷ ബാധയേറ്റുള്ള മരണമുണ്ടായത് ഈ വര്‍ഷമാണ്. 21 പേര്. വാക്സിന് സ്വീകരിച്ചവരും മരണത്തിന് കീഴടങ്ങി എന്നതാണ് ആശങ്ക വര്‍ധിപ്പിക്കുന്നത്.