കോഴിക്കോട്ട് സ്വര്‍ണക്കടത്ത് സംഘം വീണ്ടും പ്രവാസിയെ തട്ടിക്കൊണ്ടു പോയി. മുത്താമ്പി സ്വദേശി ഹനീഫയെയാണ് കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയത്. ഒരു മാസം മുന്‍പ് അഷറഫിനെ തട്ടിക്കൊണ്ടു പോയ അതേ സംഘമെന്നാണ് സംശയം. സഹോദരന് നല്കിയ പരാതിയെ തുടര്‍ന്ന് പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇന്നലെ രാത്രി 11.30 ഓടെയാണ് വഴിയരികില്‍ നിന്ന 33 കാരനായ ഹനീഫയെ അഞ്ചംഗ സംഘം കാറില്‍ വന്ന് തട്ടിക്കൊണ്ടു പോയത്. മൂന്ന് മാസം മുന്‍പാണ് ഹനീഫ ഗള്‍ഫില്‍ നിന്ന് നാട്ടിലെത്തിയത്. തട്ടിക്കൊണ്ടു പോകലിന് പിന്നില്‍ സ്വര്‍ണക്കടത്ത് ഇടപാടാണെന്നാണ് പൊലീസ് സംശയിക്കുന്നത്.
ഒരു മാസം മുന്‍പ് സമാനമായ രീതിയില്‍ പ്രവാസിയായ അഷറഫിനെ കൊയിലാണ്ടിയില്‍ നിന്ന് തട്ടിക്കൊണ്ടു പോയിരുന്നു. വീട്ടിലെത്തിയ അഞ്ചംഗ സംഘം തോക്ക് ചൂണ്ടിയാണ് തട്ടിക്കൊണ്ടു പോയത്. പിന്നീട് പരുക്കുകളോടെ തടിമില്ലിലാണ് അഷ്റഫിനെ കണ്ടെത്തിയത്. ഇവരെ കണ്ടെത്താന്‍ ഇതുവരെ പൊലീസിന് സാധിച്ചിട്ടില്ല.
ഈ സംഘമാണോ ഹനീഫയുടെ തട്ടിക്കൊണ്ടു പോകലിനും പിന്നിലെന്നാണ് പൊലീസിന്റെ അന്വേഷണം. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങള്‍ പൊലീസ് പരിശോധിച്ച് വരികയാണ്.