ലക്നൗ: രാജ്യത്തെ ഞെട്ടിച്ച് ഉത്തര്‍പ്രദേശില്‍ വീണ്ടും ക്രൂരമായ ലൈംഗിക പീഡനം. ലഖിംപുര്‍ ഖേരി ജില്ലയില്‍ കാണാതായ 13 വയസുകാരിയെ പീഡനത്തിനിരയാക്കി കൊലപ്പെടുത്തി. ലഖിംപൂര്‍ ഖേരിയിലെ കരിമ്പിന് തോട്ടത്തിലാണ് മൃതദേഹം കണ്ടെത്തിയത്. കേസില്‍ രണ്ട് പേരെ അറസ്റ്റ് ചെയ്തു. അക്രമികള്‍ കഴുത്തുഞെരിച്ചാണു കൊന്നതെന്നും നാവ് മുറിക്കുകയും കണ്ണുകള്‍ ചൂഴ്ന്നെടുക്കുകയും ചെയ്തതായും പെണ്‍കുട്ടിയുടെ അച്ഛന് പറഞ്ഞു. ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നു എന്നും മുഖ്യമന്ത്രി രാജിവെക്കണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു.
യുപി ഹാപ്പൂരില്‍ കഴിഞ്ഞ ആഴ്ച ബലാത്സംഗത്തിനിരയായ 6 വയസ്സുകാരി ആശുപത്രി വിട്ടിട്ടില്ല. അതിന് മുന്‍പാണ് അതിക്രൂരമായ സംഭവം ലഖിംപൂര്‍ ഖേരിയില്‍ ഉണ്ടായിരിക്കുന്നത്. വെള്ളിയാഴ്ചയാണ് 13 വയസ്സുകാരിയെ കാണാതായത്. തുടര്‍ന്ന് നടത്തിയ തിരച്ചില്‍ മൃതദേഹം 130 കിലോമീറ്റര്‍ അകലെയുള്ള കരിമ്പിന് തോട്ടത്തില്‍ കണ്ടെത്തി.
പ്രതികളില്‍ ഒരാളുടെ കൃഷിയിടത്തിലാണു മൃതദേഹം കണ്ടെത്തിയത്. പോസ്റ്റ്മോര്‍ട്ടത്തില്‍ ബലാത്സംഗം സ്ഥിരീകരിച്ചെന്നും രണ്ടു പ്രതികളെ അറസ്റ്റ് ചെയ്തതായും ജില്ലാ പൊലീസ് മേധാവി പറഞ്ഞു. ബലാത്സംഗം, കൊലപാതകം, ദേശീയ സുരക്ഷാ നിയമം തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തുമെന്നു പൊലീസ് വ്യക്തമാക്കി.
വെള്ളിയാഴ്ച ഉച്ചയോടെയാണ് പെണ്‍കുട്ടിയെ കാണാതായത്. ‘ഞങ്ങള്‍ എല്ലായിടത്തും അവളെ അന്വേഷിച്ചു. കരിമ്പിന്‍തോട്ടത്തിലാണ് ഒടുവില്‍ അവളെ കണ്ടെത്തിയത്. അവളുടെ കണ്ണുകള്‍ ചൂഴ്ന്നെടുത്തിരുന്നു. നാവ് മുറിച്ച നിലയിലായിരുന്നു. ദുപ്പട്ട ഉപയോഗിച്ച് കഴുത്തു ഞെരിച്ചാണു മകളുടെ ജീവനെടുത്തത്.’ കുട്ടിയുടെ പിതാവ് കരഞ്ഞുകൊണ്ടു പറഞ്ഞു. അങ്ങേയറ്റം ലജ്ജാകരമായ സംഭവമാണിതെന്നു ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രി മായാവതി സമൂഹമാധ്യമത്തില്‍ അപലപിച്ചു.
പെണ്‍കുട്ടികള്‍ക്ക് നേരെയുള്ള അതിക്രമം വര്‍ധിച്ചിരിക്കുകയാണെന്നും ക്രമസമാധാനം പൂര്‍ണമായി തകര്‍ന്നു എന്നും പ്രതിപക്ഷം ആരോപിച്ചു. അങ്ങേയറ്റം പ്രതിഷേധാര്‍ഹമാണെന്ന് ബിഎസ്പി അധ്യക്ഷ മായാവതി പ്രതികരിച്ചു. ജംഗിള്‍ രാജ് തുടരുകയാണെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദ് ആവശ്യപ്പെട്ടു.