ഉത്തര്‍പ്രദേശില്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്തു ദൃശ്യങ്ങള്‍ പ്രചരിപ്പിച്ച കേസില്‍ ദമ്പതികള്‍ അറസ്റ്റില്‍. ബലാത്സംഗം, പോക്സോ, ഐടി വകുപ്പുകള്‍ ചേര്‍ത്താണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. പ്രതികളെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഉത്തര്‍പ്രദേശിലെ ബദാവുന്‍ ജില്ലയിലെ ഫൈസ്ഗഞ്ച് ബേട്ടാ പൊലീസ് സ്റ്റേഷന് പരിധിയിലാണ് കുറ്റകൃത്യം നടന്നത്.
സംഭവത്തില്‍ അതിവേഗം പ്രതികളെ പിടികൂടാനായെന്ന് അന്വേഷണ ചുമതലയുള്ള പൊലീസ് ഉദ്യോഗസ്ഥന് ചരണ്‍ സിങ് റാണ മാധ്യമങ്ങളെ അറിയിച്ചു. ജൂലൈ 12നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. പ്രതിയായ യുവാവ് ഗ്രാമത്തിലുള്ള പെണ്‍കുട്ടിയെ വീട്ടിലേക്ക് വിളിച്ചുവരുത്തി ലൈംഗിക പീഡനത്തിന് ഇരയാക്കുകയായിരുന്നു.
ബലാത്സംഗ ദൃശ്യങ്ങള്‍ യുവാവിന്റെ ഭാര്യ മൊബൈലില്‍ ചിത്രീകരിച്ചു. പീഡന വിവരം പുറത്തറിയിച്ചാല്‍ വീഡിയോ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്ന് യുവതി ഭീഷണിപ്പെടുത്തിയതായും പെണ്‍കുട്ടി പരാതിയില്‍ പറയുന്നു.
എന്നാല്‍ പീഡനം നടന്ന വിവരം പെണ്‍കുട്ടി ബന്ധുക്കളെ അറിയിച്ചു. ഇതോടെയാണ് പ്രതികള്‍ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പ്രചരിപ്പിച്ചത്. പിന്നാലെ പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കുകയും ചെയ്തു.