നിക്ഷേപകരില്‍ നിന്നു പണം തട്ടിയെടുത്ത് മുങ്ങിയ പത്തനംതിട്ട തറയില്‍ ഫിനാന്‍സ് ഉടമ കീഴടങ്ങി. രാവിലെ ഡിവൈഎസ്പി ഓഫിസില്‍ നേരിട്ടെത്തിയാണ് സജി സാം കീഴടങ്ങിയത്. പ്രതിയെ പൊലീസ് ചോദ്യം ചെയ്യുകയാണ്. പതിനഞ്ച് ശതമാനം വരെ പലിശ വാക്ദാനം ചെയ്താണ് നിക്ഷേപകരില്‍ നിന്നു പണം സ്വീകരിച്ചിരുന്നത്. മാര്‍ച്ച് മുതല്‍ പലിശ മുടങ്ങിയതോടെ ഇടപാടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സാവകാശം കിട്ടിയാല്‍ എല്ലാവരുടേയും പണം തിരികെ നല്‍കുമെന്ന് സജി സാം പറഞ്ഞു.
പത്തനംതിട്ട ഓമല്ലൂര്‍ ആസ്ഥാനമായ തറയില്‍ ഫിനാന്‍സിയേഴ്സിനെതിരെ നിരവധി പരാതികളാണ് ദിവസേന എത്തുന്നത്. ഉടമ സജി സാമിന്റെ ഓമല്ലൂരിലെ വീട് ഇന്ന് പത്തനംതിട്ട പൊലീസ് തുറന്ന് പരിശോധിച്ചിരുന്നു. സൈബര്‍ വിദഗ്ധര്‍ക്കൊപ്പം ബാങ്ക് ജീവനക്കാരും സംഘത്തിലുണ്ടായിരുന്നു. നിക്ഷേപകരുടെ പണം എവിടെയെന്ന് കണ്ടെത്തുകയാണ് പ്രധാന ലക്ഷ്യം.
ധനകാര്യ സ്ഥാപനത്തിന്റെ ഓമല്ലൂരിലെ ആസ്ഥാനവും പത്തനംതിട്ടയിലെയും അടൂരിലെയും ശാഖകളും കഴിഞ്ഞ ദിവസങ്ങളില്‍ സീല്‍ ചെയ്തിരുന്നു. ഇവിടെ നിന്ന് ശേഖരിച്ച നിക്ഷേപ വിവരങ്ങളും ഹാര്‍ഡ് ഡിസ്കുകളും പരിശോധിച്ച് വരികയാണ്. പത്തനംതിട്ട , അടൂര്‍, പത്തനാപുരം സ്റ്റേഷനുകളിലായി ഇതുവരെ 37 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇരുനൂറിലേറെ പരാതികളാണ് വിവിധ സ്റ്റേഷനുകളിലും പത്തനംതിട്ട ജില്ലാ പൊലീസ് മേധാവിക്കുമായി ലഭിച്ചിട്ടുള്ളത്. കഴിഞ്ഞ ഒന്‍പതാം തീയതി മുതല്‍ സജി സാമും കുടുംബവും ഒളിവിലാണ്.