റിസോര്‍ട്ടിനുള്ളില്‍ വീട്ടമ്മയെ പീഡിപ്പിക്കാന്‍ ശ്രമിച്ച മധ്യവയസ്കന് അറസ്റ്റില്‍. മുന്നാറിലെ റിസോര്‍ട്ടിലാണ് വീട്ടമ്മയായ ജോലിക്കാരിക്ക് ക്രൂര പീഡനം ഏല്‍ക്കേണ്ടി വന്നത്. റിസോര്‍ട്ട് ജീവനക്കാരനായ മാങ്കുളം ആനക്കുളം ശേവല്‍കുടി മുള്ളന്മട തെക്കേക്കര വീട്ടില്‍ സിജോ മാത്യു ( 52 ) ആണ് അറസ്റ്റിലായത്. ലോക്ക് ഡൗണ്‍ ഇളവുകള്‍ വന്നതോടെ ടൂറിസ്റ്റുകളെ സ്വീകരിക്കുന്നതിന് മുന്നോടിയായി സുചീകരണ പ്രവര്‍ത്തനങ്ങള്‍ക്കായാണ് വീട്ടമ്മ റിസോര്‍ട്ടില്‍ ജോലിക്കെത്തിയത്.
റിസോര്‍ട്ടിലെ മുറി വൃത്തിയാക്കി കൊണ്ടിരിക്കുന്നതിനിടെ പ്രതി വീട്ടമ്മയെ കടന്നു പിടിക്കുകയും, ബലമായി മുറിയ്ക്കുള്ളിലേയ്ക്കു വലിച്ചിഴച്ച് കൊണ്ടുവരുകയും തുടര്‍ന്ന് പീഡിപ്പിക്കാന്‍ ശ്രമിക്കുകയുമായിരുന്നു. പീഡനത്തിനിടെ വീട്ടമ്മ ബഹളം വച്ചതിനെത്തുടര്‍ന്ന് പ്രതി ഇവരുടെ വായ പൊത്തിപ്പിടിച്ച് ശ്വാസം മുട്ടിച്ചു കൊല്ലാനും ശ്രമിച്ചു. ഇതിനിടെ പ്രതിയുടെ കയ്യില്‍ കടിച്ച് വീട്ടമ്മ രക്ഷപെടുകയായിരുന്നു.
തുടര്‍ന്ന് വീട്ടമ്മയുടെ കരച്ചില് കേട്ടു നാട്ടുകാരെത്തിയെങ്കിലും ഇയാള്‍ രക്ഷപ്പെട്ടിരുന്നു. പിന്നീട് ഇയാള്‍ ഒളിവില്‍ കഴിയുകയായിരുന്നു. ശനിയാഴ്ച പുലര്‍ച്ചെ മാങ്കുളം കവലയില്‍ നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മൂന്നാര്‍ എസ്എച്ച്ഒ റെജി എം. കുന്നിപറമ്ബന്, എഎസ്ഐ പി.പി. ഷാജി, എസ്സിപിഒ പി.കെ. അഷറഫ് എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്. ദേവികുളം കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.