ഉത്തര്‍പ്രദേശിലെ ലഖിംപൂര്‍ ഖേരിയില്‍ പ്രായപൂര്‍ത്തിയാകാത്ത ദളിത് സഹോദരിമാരെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. കുട്ടികളെ ബലാത്സംഗം ചെയ്ത് കൊന്നതാണെന്ന് ബന്ധുക്കള്‍ ആരോപിച്ചു. ബൈക്കില്‍ വന്ന ആളുകള്‍ മക്കളെ തട്ടിക്കൊണ്ടു പോവുകയായിരുന്നുവെന്ന് കുട്ടികളുടെ അമ്മ പറഞ്ഞതായി ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
അയല്‍ ഗ്രാമത്തിലെ മൂന്നുപേര്‍ ചേര്‍ന്ന് സഹോദരിമാരെ തട്ടിക്കൊണ്ടുപോയെന്നും ബലാത്സംഗം ചെയ്ത് കൊന്നതാണെന്നുമാണ് ആരോപണം. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. പോസ്റ്റുമോര്‍ട്ടത്തിന് ശേഷമേ മരണ കാരണം വ്യക്തമാകൂ. അന്വേഷണം നടക്കുകയാണെന്നും പൊലീസ് പ്രസ്താവനയില്‍ പറയുന്നു.
പെണ്‍കുട്ടികളുടെ ശരീരത്തില്‍ മുറിവുകളോ മറ്റ് പരുക്കുകളോ ഇല്ലെന്ന് ഐജി ലക്ഷ്മി സിങ് പറഞ്ഞു. വിദഗ്ധരുടെ സംഘമായിരിക്കും പോസ്റ്റ്മോര്‍ട്ടം നിര്‍വഹിക്കുക. കുടുംബം നല്കിയ പരാതി അനുസരിച്ച് എഫ്ഐആര്‍ തയ്യാറാക്കുമെന്നും ലക്ഷ്മി സിങ് അറിയിച്ചു.
അതേസമയം പ്രായപൂര്‍ത്തിയാകാത്ത ദളിത് പെണ്‍കുട്ടികളുടെ മരണം വിവിധ രാഷ്ട്രീയ കക്ഷികള്‍ ഏറ്റെടുത്തിട്ടുണ്ട്. യോഗി സര്‍ക്കാരിന്റെ കീഴില്‍ ഗുണ്ടകള്‍ വിളയാടുകയാണെന്ന് എസ്പി നേതാവ് അഖിലേഷ് യാദവ് ആരോപിച്ചു. അമ്മമാരും സഹോദരിമാരും ദിവസേന ഗുണ്ടകളുടെ ഉപദ്രവങ്ങള്‍ക്ക് ഇരയാകുകയാണ്. വിഷയത്തില്‍ അന്വേഷണം നടത്താന്‍ സര്‍ക്കാര്‍ തയ്യാറാകണം. പ്രതികള്‍ക്ക് കടുത്ത ശിക്ഷ നല്‍കണമെന്നും അഖിലേഷ് യാദവ് ആവശ്യപ്പെട്ടു. പെണ്‍കുട്ടികളുടെ മരണത്തെ തുടര്‍ന്ന് പ്രദേശത്തുണ്ടായ പ്രതിഷേധത്തിന്റെ ദൃശ്യങ്ങള്‍ പങ്കുവെച്ചായിരുന്നു ട്വീറ്റ്.