ഇടുക്കി ചിന്നക്കനാലിലെ അനധികൃത മരം മുറിക്കലില്‍ ഉന്നത ഉദ്യോഗസ്ഥരെ സംരക്ഷിക്കാന്‍ ശ്രമം നടക്കുന്നതായി ആരോപണം. അനുമതിയുണ്ടെന്ന വ്യാജേന 142 മരങ്ങളാണ് റവന്യൂ- വനഭൂമികളില്‍ നിന്ന് ഫോറസ്റ്റ് ഉദ്യോഗസ്ഥരുടെ ഒത്താശയോടെ കടത്തിയത്. മുറിച്ചു കടത്തിയ മരങ്ങള്‍ പൂര്‍ണമായും ഇതുവരെ കണ്ടെത്താനായിട്ടില്ല. പട്ടയ ഭൂമിയില്‍ നിന്നാണ് മരങ്ങള്‍ മുറിച്ചത് എന്നായിരുന്നു പ്രതികളുടെ വാദം.
സംഭവത്തില്‍ റവന്യൂ വകുപ്പ് ഇടപെട്ടത്തോടെയാണ് സത്യം പുറത്ത് വന്നത്. തൃശൂര്‍ സ്വദേശി ബ്രിജോ ആന്റോയുടെ പട്ടയ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന റവന്യൂ- വന ഭൂമികളില്‍ നിന്നാണ് മരംമുറിച്ചത് എന്ന് വ്യക്തമായി. തുടര്‍ന്ന് വനം വകുപ്പും കേസ് എടുത്തു.
92 മരങ്ങള്‍ മുറിച്ചെന്നും 68,000 രൂപ പിഴയീടാക്കണം എന്നുമായിരുന്നു എഫ്ഐആറില്‍ പറഞ്ഞത്. കേസ് ഒതുക്കി തീര്‍ക്കാന്‍ ശ്രമം നടന്നത്തോടെ വനം വകുപ്പ് പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. വനം വകുപ്പ് ഉദ്യോഗസ്ഥരുടെ അറിവോടെയാണ് 142 മരങ്ങള്‍ മുറിച്ചതെന്ന് സംഘം റിപ്പോര്‍ട്ട് നല്കി.
ചിന്നക്കനാല്‍ ഫോറസ്റ്ററെയും രണ്ട് ഗാര്‍ഡുകളെയും സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ ഉന്നതര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോപണം. തൃശൂര്‍ സ്വദേശിയുടെ പട്ടയം റദ്ദ് ചെയ്യാനുള്ള നടപടികള്‍ റവന്യു വകുപ്പ് ആരംഭിച്ചിട്ടുണ്ട്. ഇതുവരെ സംഭവത്തില്‍ 9 പേരുടെ അറസ്റ്റ് രേഖപ്പെടുത്തി. മുറിച്ച തടി മുഴുവന്‍ കണ്ടെത്തിയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. എന്നാല്‍ തടികള്‍ മുഴുവനായി കണ്ടെത്തിയിട്ടില്ലെന്നാണ് റവന്യു വകുപ്പ് പറയുന്നത്.