കൊടകര കുഴല്‍പണ കേസില്‍ ആദായ നികുതി വകുപ്പിന്റേയോ എന്‍ഫോഴ്സ്മെന്റിന്റേയോ അന്വേഷണം കഴിയാതെ ധര്മരാജന് പണം തിരിച്ചു കൊടുക്കരുതെന്ന് പൊലീസിന്റെ റിപ്പോര്‍ട്ട്. നഷ്ടപ്പെട്ട മൂന്നരക്കോടിയില്‍ പൊലീസ് കണ്ടെടുത്ത ഒന്നേക്കാല്‍ കോടി തിരിച്ചു നല്‍കണമെന്നായിരുന്നു ധര്‍മരാജന്റെ ഹര്‍ജി. പൊലീസ് റിപ്പോര്‍ട്ട് ഇന്ന് ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ സമര്‍പ്പിക്കും.
കൊടകര കുഴല്‍പണ കേസില്‍ പരാതിക്കാരായ ധര്‍മരാജനും ഡ്രൈവര്‍ ഷംജീറും സുഹൃത്ത് സുനില്‍ നായിക്കുമാണ് പരാതിക്കാര്‍. ഇതുവരെ പൊലീസ് കണ്ടെടുത്ത പണം തിരിച്ചു നല്‍കണമെന്ന് ആവശ്യപ്പെട്ട് മൂവരും ഇരിങ്ങാലക്കുട മജിസ്ട്രേറ്റ് കോടതിയില്‍ ഹര്‍ജി നല്‍കിയിരുന്നു. ഈ ഹര്‍ജിയില്‍ കോടതിയാകട്ടെ പൊലീസിനോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടു.
കോടിതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കേണ്ട അവസാന തീയതി ഇന്നാണ്. അന്വേഷണ ഉദ്യോഗസ്ഥര്‍ പ്രത്യേക യോഗം ചേര്‍ന്ന് തയാറാക്കിയ റിപ്പോര്‍ട്ടില്‍, പ്രധാനമായും കോടതിയോട് ആവശ്യപ്പെട്ടിട്ടുള്ളത് പണം ഇപ്പോള്‍ തിരിച്ചു കൊടുക്കരുതെന്നാണ്. കണക്കില്‍പ്പെടാത്ത തുകയാണെന്ന് വ്യക്തമായിരിക്കെ, ആദായ നികുതി വകുപ്പിന്റേയോ എന്‍ഫോഴ്സ്മെന്റിന്റേയോ അന്വേഷണം വേണം. ഇതു പൂര്‍ത്തിയാകാതെ, തുക തിരിച്ചു കൊടുക്കരുത്. ഈ നിലപാടാണ് പൊലീസ് സ്വീകരിച്ചിട്ടുള്ളത്. ഇക്കാര്യത്തില്‍ അന്തിമ തീരുമാനം മജിസ്ട്രേറ്റ് കോടതി പറയും.
അതേസമയം, ധര്‍മരാജനും ഷംജീറും സുനില്‍ നായിക്കും പണത്തിന്റെ ഉറവിടം വ്യക്തമാക്കാമെന്ന് കോടതിയില്‍ നല്കിയ ഹര്‍ജിയില്‍ പറഞ്ഞിട്ടുണ്ട്. ഡല്‍ഹിയിലെ ബിസിനസുകാരന് നല്കിയ പണമാണിതെന്ന് ഇരുവരും ഹര്‍ജിയില്‍ വ്യക്തമാക്കിയിരുന്നു. ഇതു തെളിയിക്കുന്ന രേഖകള്‍ ഹാജരാക്കാമെന്ന് ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചിട്ടുണ്ട്. ഹര്‍ജിക്കാരോട് ഈ രേഖകള്‍ ഹാജരാക്കാന്‍ കോടതി പറയുമോയെന്നാണ് കാത്തിരുന്ന് കാണേണ്ടത്.
കേസില്‍ പണത്തിന്റെ ഉറവിടം സംബന്ധിച്ച് പ്രത്യേക അന്വേഷണ സംഘത്തിന്റെ ചോദ്യം ചെയ്യല്‍ ഇനിയും പൂര്‍ത്തിയായിട്ടില്ല. നഷ്ടപ്പെട്ട പണം കണ്ടെത്താന്‍ കണ്ണൂര്‍ കേന്ദ്രീകരിച്ച് ഇപ്പോഴും പരിശോധന തുടരുകയുമാണ്. റിമാന്‍ഡിലായ ഇരുപത്തിയൊന്നു പ്രതികളേയും മാറിമാറി പൊലീസ് ചോദ്യംചെയ്തു വരികയാണ്. രണ്ടു കോടി രൂപ കൂടി കൊടകര കേസില്‍ ഇനി കണ്ടെത്താനുണ്ട്.