കല്‍പ്പറ്റ: കേരളത്തില്‍ നിന്ന് ചരക്ക് ലോറിയില്‍ നാട്ടിലേക്ക് പോകാന്‍ ശ്രമിച്ച ഉത്തര്‍പ്രദേശ് സ്വദേശികളായ 72 പേരെ തമിഴ്നാട് പൊലീസ് പിടികൂടി മടക്കി അയച്ചു. നിലമ്പൂര്‍, വഴിക്കടവ്, നാടുകാണി ചെക്പോസ്റ്റുകള്‍ കണ്ണുവെട്ടിച്ച് കടന്ന ഇവരെ കര്‍ണാടക അതിര്‍ത്തിയായ കക്കനഹള്ളയില്‍നിന്ന് മസിനഗുഡി പൊലീസാണ് പിടികൂടിയത്. ലോക് ഡൗണ്‍ ആയതോടെ കഴിഞ്ഞ 40 ദിവസമായി ആലപ്പുഴയില്‍ കുടുങ്ങിയവരാണിവര്‍. മാസങ്ങള്‍ക്ക് മുമ്പ് കമ്പിളിക്കച്ചവടത്തിനായി എറണാകുളത്തെത്തിയതായിരുന്നു സംഘം. നാട്ടിലേക്ക് കാല്‍നടയായി യാത്രചെയ്യുമ്പോഴാണ് ചരക്കുലോറി കിട്ടിയത്.
ഗൂഡല്ലൂര്‍ ആര്.ഡി.ഒ. കെ. രാജ്കുമാര്, തഹസില്‍ദാര്‍ സംഗീത റാണി, ഡിവൈ.എസ്.പി. ജെയ്സിങ് എന്നിവര്‍ ഇവരെ ചോദ്യംചെയ്തു. പിന്നീട് ഭക്ഷണം നല്‍കിയശേഷം ഇവരെ ഗൂഡല്ലൂരില്‍നിന്ന് തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് ബസുകളില്‍ എറണാകുളത്തേക്ക് തന്നെ തിരിച്ചയച്ചു. മൈസൂരുവില്‍ ഇറക്കാമെന്ന ഡ്രൈവറുടെ ഉറപ്പില്‍ ഇവര്‍ ലോറിയില്‍ കയറുകയായിരുന്നു.ലോക്ഡൗണ്‍ ലംഘിച്ചതിന് ലോറി ഡ്രൈവറുടെ പേരില്‍ മസിനഗുഡി പൊലീസ് കേസെടുത്തു. വാഹനവും കസ്റ്റഡിയിലെടുത്തു.