മോന്സന് മാവുങ്കലിന്റെ തട്ടിപ്പു കേസില്‍ വിദേശ മലയാളി അനിത പുല്ലയിലിനെ വിളിച്ചു വരുത്തി മൊഴിയെടുക്കാന്‍ ക്രൈംബ്രാഞ്ച് നീക്കം. കേരളത്തിലെത്തി മൊഴി നല്‍കേണ്ടി വരുമെന്ന് അന്വേഷണ സംഘം അനിതയെ അറിയിച്ചു. വിദേശത്തുള്ള അനിതയില്‍ നിന്ന് ഫോണിലൂടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. മോന്സന് മാവുങ്കലുമായി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അനിത.
ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടോയെന്ന് ക്രൈംബ്രാഞ്ച് പരിശോധിക്കുന്നുണ്ട്. മോന്‍സന്റെ സാമ്പത്തിക ഇടപാടുകളെ കുറിച്ച് അനിതയ്ക്ക് അറിവുണ്ടായിരുന്നുവെന്നാണ് ക്രൈംബ്രാഞ്ച് നിഗമനം. ഈ സംശയത്തിന്റെ അടിസ്ഥാനത്തിലാണ് അനിതയെ വിളിച്ച് വരുത്തുന്നത്. അനിതയുടെ സാമ്പത്തിക ഇടപാടുകളും ക്രൈം ബ്രാഞ്ച് പരിശോധിക്കും.
മോന്‍സന്റെ തട്ടിപ്പുകളില്‍ അനിതയ്ക്ക് നേരിട്ട് പങ്കുള്ളതായി തെളിവ് ലഭിച്ചിട്ടില്ല. കൂടുതല്‍ തെളിവുകള്‍ ശേഖരിച്ച ശേഷം മൊഴിയെടുക്കാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം.
മോന്സണ് മാവുങ്കലിന്റെ തട്ടിപ്പിനിരയായവര്‍ ഇനിയും ഒരുപാട് പേരുണ്ടെന്ന് തട്ടിപ്പ് പുറത്ത് കൊണ്ടുവന്ന അനിത പുല്ലയില്‍ നേരത്തെ പറഞ്ഞിരുന്നു. മോന്‍സണിനെ മൂന്ന് വര്‍ഷമായി പരിചയമുണ്ടെന്നും മുന്‍ ഡിജിപി ലോക്നാഥ് ബെഹ്റ തന്ന മുന്നറിയിപ്പിന് പിന്നാലെയാണ് മോന്‍സണെ സംശയിക്കാന്‍ തുടങ്ങിയതെന്നും ഇറ്റലിയില്‍ താമസിക്കുന്ന അനിത പുല്ലയില്‍ പറഞ്ഞു. മോന്‍സണെതിരായ അന്വേഷണത്തിന് കാരണം തന്റെ ഇടപെടലാണെന്ന് അനിത പുല്ലയില്‍ വ്യക്തമാക്കിയിരുന്നു.
ഇറ്റലിയിലെ റോമില്‍ കഴിയുന്ന തൃശൂര്‍ സ്വദേശിനിയാണ് അനിത പുല്ലയില്‍. റോമിലെ പ്രവാസി മലയാളി ഫെഡറേഷന്റെ സജീവ പ്രവര്‍ത്തകയാണ് അനിത പുല്ലയില്‍. കഴിഞ്ഞ മൂന്ന് വര്‍ഷമായി മോന്സണ് മാവുങ്കലിനെ ഏറ്റവും അടുത്ത സുഹൃത്തെന്ന നിലയില്‍ അറിയാമെന്ന് അനിതപറഞ്ഞു. മോന്‍സന്റെ പല ജീവകാരുണ്യ പ്രവര്‍ത്തനങ്ങളിലും താന്‍ ആകൃഷ്ടയായിട്ടുണ്ടെന്ന് അനിത പറഞ്ഞു. എന്നാല്‍ മോന്‍സന്റെ ചില പെരുമാറ്റങ്ങള്‍ തന്നില്‍ സംശയം ജനിപ്പിച്ചിരുന്നുവെന്ന് അനിത പറയുന്നു.
പ്രവാസികളുടെ പ്രശ്നങ്ങളില്‍ സജീവമായി ഇടപെടുന്ന വ്യക്തിയെന്ന നിലയില്‍ പൊലീസ് ഉദ്യോഗസ്ഥരുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന വ്യക്തിയാണ് അനിത. പ്രവാസി മലയാളി സംഘടനയിലേക്ക് അനിത എത്തുന്നതിന് മുന്‍പ് തന്നെ മോന്സണ് സംഘടനയുടെ ഭാഗമായിരുന്നു. സംഘടനയിലെ പ്രവര്‍ത്തകരാണ് അനിതയ്ക്ക് മോന്‍സണെ പരിചയപ്പെടുത്തിക്കൊടുക്കുന്നത്.
എന്നാല്‍ വളരെ വൈകിയാണ് മോന്‍സണിനുള്ളിലെ തട്ടിപ്പുകാരനെ കുറിച്ച് അനിത അറിയുന്നത്. മറ്റ് പല വിഷയങ്ങളും സംസാരിക്കുന്നതിനിടെയാണ് ലോക്നാഥ് ബെഹ്റ ഡോക്ടറെ ഒന്ന് കരുതണമെന്നും, സൂക്ഷിക്കണമെന്നും അനിത പുല്ലയിലിനോട് പറഞ്ഞിട്ടുണ്ട്.
മോന്‍സണെ കുറിച്ച് കേട്ട കാര്യങ്ങളെല്ലാം താന്‍ മോന്‍സണോട് നേരിട്ട് ചോദിച്ചിട്ടുണ്ട്. എന്നാല്‍ ഈ ചോദ്യങ്ങളില്‍ നിന്ന് മോന്സണ് ഒഴിഞ്ഞ് മാറുകയായിരുന്നു. പലയാളുകളില്‍ നിന്നും മോന്സണ് പണം തട്ടിച്ചിട്ടുണ്ടെന്ന കാര്യം അനിത അറിയുന്നത് വളരെ വൈകിയാണ്. നിലവില്‍ പരാതിയുമായി രംഗത്തെത്തിയിരിക്കുന്ന യാക്കൂബ്, ഷെമീര്‍ അടക്കമുള്ള ആറംഗ സംഘത്തെ പരാതി കൊടുക്കാന്‍ പ്രേരിപ്പിച്ചത് അനിതയാണ്. പരാതിപ്പെടാന്‍ തയാറുള്ളവരുടെ ഒപ്പം താന്‍ ഉണ്ടാകുമെന്ന് ഉറപ്പ് നല്‍കിയെങ്കിലും പണം നഷ്ടപ്പെട്ട പലരും മുന്നോട്ട് വരാന്‍ തയാറായില്ലെന്നും അനിത പറയുന്നു. ഈ വിഷയങ്ങളില്‍ പലതും തനിക്ക് അറിയാമായിരുന്നിട്ടും മാധ്യമങ്ങളുമായി പങ്കുവയ്ക്കാനോ, പൊലീസില്‍ പരാതിപ്പെടാനോ ഉള്ള സാഹചര്യം ഇല്ലായിരുന്നുവെന്നും അനിത പുല്ലയില്‍ പറഞ്ഞു.
അനിത പുല്ലയിലിന്റെ സ്വാധീനം കൊണ്ടാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിട്ടും മോന്സണ് മാവുങ്കലിനിതെിരെ നടപടിയെടുക്കാന്‍ വൈകിയതെന്ന തരത്തില്‍ വാര്‍ത്തകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ ഈ വാര്‍ത്തയെ അനിത പുല്ലയില്‍ പൂര്‍ണമായും നിഷേധിച്ചു. കേസുമായി ബന്ധപ്പെട്ടോ, മോന്സണ് മാവുങ്കലിന് വേണ്ടിയോ താന്‍ ഒരു തരത്തിലുള്ള ഇടപെടലുകളോ സ്വാധീനമോ ചെലുത്തിയിട്ടില്ലെന്നും അനിത വ്യക്തമാക്കി. മോന്സണ് മാവുങ്കലിന് ഒരു തരത്തിലുള്ള ബന്ധമോ, സൗഹൃദമോ സ്ഥാപിക്കാന്‍ വേണ്ടി ഒരു ഇടനിലക്കാരിയുടെ വേഷം താന്‍ കെട്ടിയിട്ടില്ലെന്നും അനിത പുല്ലയില്‍ വ്യക്തമാക്കിയിരുന്നു.