കാസര്‍കോട്: ബളാലില്‍ സഹോദരിയായ പതിനാറുകാരിയെ ഐസ്ക്രീമില് വിഷം കലര്‍ത്തി കൊലപ്പെടുത്തിയ കേസിലെ പ്രതി ആല്‍ബിനെ അരിങ്കല്ലിലെ വീട്ടിലെത്തിച്ച് പൊലീസ് തെളിവെടുത്തു. ഐസ്ക്രീമില് വിഷം കലര്‍ത്തിയ രീതിയും, ബാക്കി വന്ന വിഷം നശിപ്പിച്ചതും പ്രതി പൊലീസിനോട് വിവരിച്ചു. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനു വേണ്ടി പുലര്‍ച്ചെ അതീവ രഹസ്യമായാണ് പ്രതിയുമായി പൊലീസ് തെളിവെടുപ്പ് നടത്തിയത്.
കോവിഡ് പരിശോധനയ്ക്ക് വിധേയനാക്കിയ ശേഷം ആല്‍ബിനെ ഹൊസ് ദുര്‍ഗ് കോടതിയില്‍ ഹാജരാക്കും. മരിച്ച ആന്മരിയ ബെന്നിക്ക് ചികിത്സയും വൈകിയിരുന്നു. ജൂലൈ 30നാണ് വിഷം കലര്‍ന്ന ഐസ്ക്രീം കഴിച്ചത്. തുടര്‍ന്ന് അവശനിലയിലായ ആന്മരിയയ്ക്ക് മഞ്ഞപ്പിത്തമെന്ന് കരുതി ആയുര്‍വേദ ചികിത്സ നല്കി. സ്ഥിതി ഗുരുതരമായപ്പോള്‍ ഓഗസ്റ്റ് അഞ്ചിനാണ് ആശുപത്രിയിലെത്തിച്ചത്. അന്നു തന്നെ മരിച്ചു.
സഹോദരന് ലക്ഷ്യമിട്ടത് ആര്‍ഭാട ജീവിതം!
പതിനാറുകാരിയെ സഹോദരന് കൊലപ്പെടുത്തിയതിന് പിന്നിലുള്ള കാരണങ്ങള്‍ പുറത്ത്. മാതാവിനെയും പിതാവിനെയും സഹോദരിയെയും കൊലപ്പെടുത്തി കുടുംബ സ്വത്ത് കൈക്കലാക്കി വില്‍ക്കാനാണ് പ്രതി അരിങ്കല്ലിലെ ഓലിക്കല്‍ ആല്‍ബിന്റെ(22) പദ്ധതിയെന്ന് പോലീസ് പറഞ്ഞു. നാലേക്കര്‍ ഭൂമിയാണ് കുടുംബ സ്വത്ത്. ഇത് വിറ്റു കിട്ടുന്ന പണം കൊണ്ട് ആര്‍ഭാട ജീവിതമാണ് പ്രതിയുടെ ലക്ഷ്യം. നേരത്തെയും വീട്ടുകാരെ കൊലപ്പെടുത്താനുള്ള ശ്രമം നടത്തിയിരുന്നു.