ഭോപാല്‍: മധ്യപ്രദേശില്‍ ദുരാചാരത്തിന്റെ ഭാഗമായി 50,000 രൂപക്ക് ഭാര്യയെ വില്ക്കാന് ശ്രമിച്ച് ഭര്‍ത്താവ്. വിസമ്മതിച്ചതോടെ ഭര്‍ത്താവും ഭര്‍തൃവീട്ടുകാരും ചേർന്ന് യുവതിയെ കിണറ്റിലെറിഞ്ഞു. ഇത് കണ്ട നിന്ന വാച്ച്മാൻ ലദോബായ് എന്ന യുവതിയെ രക്ഷപ്പെടുത്തി. രാജസ്ഥാനുമായി അതിര്‍ത്തി പങ്കിടുന്ന രാജ്ഗഡിലെ ഗുണയിലാണ് സംഭവം നടന്നത്.
പഴയ ദുരാചാരമായ ജഗ്ധ പ്രദയുടെ പേരിലായിരുന്നു അതിക്രമം. ഭാര്യയും ഭര്‍ത്താവും വഴക്കുകൂടുമ്പോൾ ഭാര്യയെ വില്‍ക്കുന്നതാണ് ജഗ്ധ പ്രദ എന്ന ദുരാചാരം.
കുടുംബത്തിന്റെ സമ്മതത്തോടെ 50,000 രൂപക്ക് ഭാര്യയെ വില്ക്കാന് ശ്രമിച്ചതായി ഭര്‍ത്താവ് ഗോപാല്‍ ഗുര്‍ജാര്‍ പൊലീസിനോട് സമ്മതിച്ചു. 50,000 രൂപ ഇയാള്‍ കൈപ്പറ്റുകയും ചെയ്തു. തുടര്‍ന്ന്, പണം നല്‍കിയവര്‍ക്കൊപ്പം പോകാന്‍ യുവതിയെ ഭര്‍ത്താവും കുടുംബവും നിര്‍ബന്ധിക്കുകയായിരുന്നു. ഇതിന് വിസമ്മതിക്കുകയും വഴക്കുണ്ടാക്കുകയും ചെയ്തതോടെ കുടുംബം യുവതിയെ കിണറ്റിലെറിയുകയായിരുന്നു. സംഭവം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ ഗ്രാമത്തിലെ കാവല്ക്കാരന് സ്ഥലത്തെത്തുകയും ഗ്രാമവാസികളുടെ സഹായത്തോടെ യുവതിയെ രക്ഷിക്കുകയുമായിരുന്നു.
സംഭവം അറിഞ്ഞതോടെ യുവതിയുടെ പിതാവ് നാരായന് ഗുര്‍ജാര്‍ മകളുടെ അടുത്തെത്തുകയും പൊലീസില്‍ പരാതി നൽകുകയും ചെയ്തു. പൊലീസെത്തിയതോടെ യുവതിയെ വാങ്ങാന്‍ എത്തിയവര്‍ ഓടി രക്ഷപ്പെട്ടു.