യമനില്‍ വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട പാലക്കാട് കൊല്ലങ്കോട് സ്വദേശി നിമിഷ പ്രിയയെ കാണുന്നതിന് യാത്രാനുമതി തേടി അമ്മയും മകളും വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചു. നിമിഷ പ്രിയയുടെ അമ്മ പ്രേമകുമാരിയും എട്ടു വയസ്സുകാരിയായ മകളുമാണ് സഹായം തേടിയിരിക്കുന്നത്.
മരിച്ച തലാലിന്റെ ബന്ധുക്കളെ കണ്ട് മാപ്പ് അപേക്ഷിക്കുമെന്ന് നിമിഷപ്രിയയുടെ അമ്മ പറഞ്ഞു. ഇതിനായി വേണ്ട സഹായങ്ങള്‍ക്കാണ് വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരിക്കുന്നത്. വധശിക്ഷയ്ക്ക് വിധിക്കപ്പെട്ട് യമനിലെ ജയിലിലാണ് നിമിഷപ്രിയ. ബന്ധുക്കളുടെ യാത്രയ്ക്കും കോണ്‍സുല്‍ വഴി ജയില്‍ അധികൃതരെ ബന്ധപ്പെടുന്നതിനും സഹായം നല്കാന് മന്ത്രാലയം സന്നദ്ധമാണെന്നാണ് സൂചന.
എന്നാല്‍ നിമിഷ പ്രിയയുടെ മോചനത്തിനായി നേരിട്ട് ഇടപെടാനാവില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ നേരത്തെ ഡല്‍ഹി ഹൈക്കോടതിയില്‍ വ്യക്തമാക്കിയിരുന്നു. നിമിഷ പ്രിയയുടെ ജീവന് രക്ഷിക്കാന്‍ നയതന്ത്ര തലത്തില്‍ ഇടപെടാന്‍ കേന്ദ്രത്തോട് നിര്‍ദേശിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയാണ് ഡല്‍ഹി ഹൈക്കോടതി കഴിഞ്ഞ ദിവസം തള്ളിയിരുന്നത്.
നയതന്ത്രതലത്തില്‍ ഇടപെടാന്‍ പരിമിതികളുണ്ടെന്ന് കേന്ദ്ര സര്‍ക്കാര്‍ അറിയിച്ചതിനെത്തുടര്‍ന്നായിരുന്നു കോടതി നടപടി. 2017ല്‍ യമന്‍ പൗരന് തലാല്‍ അബ്ദുമഹ്ദി കൊല്ലപ്പെട്ട കേസിലാണ് നിമിഷപ്രിയ വധശിക്ഷയ്ക്കു വിധിക്കപ്പെട്ടത്.