ജ്വല്ലറി നിക്ഷേപത്തട്ടിപ്പുമായി ബന്ധപ്പെട്ട 8 വഞ്ചന കേസുകളില്‍ കൂടി എം സി കമറുദ്ദീന് എംഎല്‍എയുടെ അറസ്റ്റ് രേഖപ്പെടുത്തി. ഇതോടെ എംഎല്‍എ അറസ്റ്റിലായ കേസുകളുടെ എണ്ണം 63 ആയി. 42 കേസുകളില്‍ ജാമ്യം അനുവദിക്കണമെന്നാവശ്യപ്പെട്ട് എംഎല്‍എയുടെ അഭിഭാഷകന് ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതിയില്‍ ഇന്ന് അപേക്ഷ സമര്‍പ്പിക്കും.
നേരത്തെ മൂന്ന് കേസുകളിലെ ജാമ്യാപേക്ഷ തള്ളിയ സാഹര്യത്തില്‍ പുതിയ ജാമ്യാപേക്ഷയും തള്ളാനാണ് സാധ്യതയെന്നാണ് വിവരം. കീഴ്ക്കോടതികളില്‍ ജാമ്യാപേക്ഷ തള്ളുന്ന മുറക്ക് ഹൈക്കോടതിയെ സമീപിക്കാനാണ് എം സി കമറുദ്ദീന്റെ നീക്കം. അതേസമയം വഞ്ചനകേസുകളിലെ ഒന്നാം പ്രതി പൂക്കോയ തങ്ങളെ പിടികൂടാന്‍ ഇതുവരെയും അന്വേഷണസംഘത്തിന് കഴിഞ്ഞിട്ടില്ല. ഇയാള്‍ ഒളിവില്‍ തുടരുകയാണ്.
കമറുദീന് അറസ്റ്റിലായി ആറാം ദിവസവും ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങള്‍ ഒളിവില്‍ തുടരുകയാണ്. പയ്യന്നൂര്‍ ശാഖയുടെ മാനേജരും പൂക്കോയ തങ്ങളുടെ മകനുമായ ഹിഷാം, മൂന്നു ജ്വല്ലറികളുടെയും ജനറല്‍ മാനേജര്‍ സൈനുല്‍ ആബിദ് എന്നിവര്‍ക്കായി അന്വേഷണസംഘം ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിരുന്നു. കമറുദീന് കുരുക്കായി നിക്ഷേപകര്‍ വീണ്ടും പരാതിയുമായി പൊലീസിനെ സമീപിച്ചു. നീലേശ്വരം സ്വദേശികളായ ദമ്പതികള്‍ ഫാഷന്‍ ഗോള്‍ഡില്‍ നിക്ഷേപിച്ച 12 ലക്ഷം രൂപയും 178 ഗ്രാം സ്വര്‍ണവും തിരികെ ലഭിച്ചില്ലെന്ന് പൊലീസില്‍ പരാതി നല്കി. ചന്തേര പൊലീസാണ് കേസ് റജിസ്റ്റര്‍ ചെയ്തത്.
സ്വാധീനമുള്ള വ്യക്തിയായതിനാല്‍ പ്രാഥമിക ഘട്ടത്തില്‍ തന്നെ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന് വ്യക്തമാക്കിയാണ് നേരത്തേ കമറുദ്ദീന്റെ ജാമ്യാപേക്ഷ കോടതി തള്ളിയത്. 70 ലധികം കേസുകളില്‍ പ്രതിയായ കമറുദ്ദീന് ആദ്യ ലട്ടത്തില്‍ തന്നെ ജാമ്യം അനുവദിച്ചാല്‍ കേസന്വേഷണത്തെ ബാധിക്കും, സമൂഹത്തില്‍ സ്വാധീനമുള്ള വ്യക്തിയായതിനാല്‍ കേസ് അട്ടിമറിക്കാന്‍ സാധ്യത തുടങ്ങിയ പൊസിക്യൂഷന്‍ വാദങ്ങള്‍ ഹൊസ്ദുര്‍ഗ് മജിസ്ട്രേറ്റ് കോടതി അംഗീകരിക്കുകയായിരുന്നു.