തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ ഡിപ്ലോമാറ്റിക് ബാഗേജില്‍ സ്വര്‍ണം കടത്തിയ കേസില്‍ മുന്‍ ഐടി സെക്രട്ടറി ശിവശങ്കറിന് കുരുക്കായി ഫോണ്‍ രേഖകളും മൊഴികളും. കള്ളകടത്തിന്റെ ആസൂത്രണം പലപ്പോഴും നടന്നത് ശിവശങ്കറിന്റെ ഫ്ളാറ്റില്‍ വെച്ചെന്ന നിര്‍ണ്ണായകമൊഴി എന്‍ഐഎക്ക് ലഭിച്ചു. ശിവശങ്കര്‍ ഇല്ലാത്തപ്പോഴും ഇവിടുത്തെ നിത്യ സന്ദര്‍ശകരായിരുന്നു സ്വര്‍ണക്കടത്ത് കേസിലെ പ്രതികളും ഇടനിലക്കാരുമായ സ്വപ്ന സുരേഷും സരിത്തും സന്ദീപ് നായരും. അതുകൊണ്ട് തന്നെ സ്വപ്നയുമായും സന്ദീപുമായും അടുത്ത ബന്ധമുള്ള മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയെ ചോദ്യം ചെയ്യാനൊരുങ്ങുകയാണ് എന്‍ഐഎ.
ജൂണ്‍ 30ന് നടന്ന സ്വര്‍ണക്കടത്ത് കേസിന്റെ ആസൂത്രണം നടന്നത് ശിവശങ്കറിന്റെ ഫ്ളാറ്റില്‍ വെച്ചാണെന്നാണ് കസ്റ്റംസ് നല്കുന്ന വിവരങ്ങള്‍.
ശിവശങ്കറിന്റെ ഫ്ളാറ്റില്‍ കഴിഞ്ഞ ദിവസം കസ്റ്റംസ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയിരുന്നു. സന്ദര്‍ശക ഡയറിയടക്കം പരിശോധിച്ച ഉദ്യോഗസ്ഥര്‍ ഫ്ളാറ്റിലെ സെക്യൂരിറ്റി ജീവനക്കാരുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. ശിവശങ്കറിന് സ്വപ്നയുമായും സന്ദീപുമായും അടുത്ത ബന്ധമുണ്ടെന്നും കസ്റ്റംസ് പുറത്തു വിട്ടു.