വിഭാഗീയത തുടരുന്ന കുട്ടനാട്ടില്‍ സി.പി.എം. ഔദ്യോഗിക വിഭാഗവും വിമതപക്ഷവും ഞായറാഴ്ച മൂന്നിടത്ത് തെരുവില്‍ ഏറ്റുമുട്ടി. നേതാക്കളടക്കം അഞ്ചുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്, ഡി.വൈ.എഫ്.ഐ. മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന് എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കാണ് പരിക്ക്. തലയ്ക്കു പരിക്കേറ്റ ഇവരെ ചങ്ങനാശ്ശേരിയിലെ ആശുപത്രിയിലേക്കു മാറ്റി.
ഞായറാഴ്ച വൈകുന്നേരം മാമ്പുഴക്കരി ബ്ലോക്ക് ജങ്ഷനു സമീപമാണ് സംഘര്‍ഷത്തിന്റെ തുടക്കം. വേഴപ്രയില്‍നിന്നുള്ള സി.പി.എം. വിമതവിഭാഗത്തില്പ്പെട്ടവരും ഔദ്യോഗിക പക്ഷത്തിലെ ചിലരുമായി വാക്കേറ്റമുണ്ടാകുകയും കൈയാങ്കളിയില്‍ കലാശിക്കുകയുമായിരുന്നു.
രാമങ്കരി ലോക്കല്‍ കമ്മിറ്റിയംഗം ശരവണന്, ഡി.വൈ.എഫ്.ഐ മേഖലാ സെക്രട്ടറി രഞ്ജിത് രാമചന്ദ്രന് എന്നിവരുള്‍പ്പെടെയുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ക്കാണ് പരിക്കേറ്റത്. തലയ്ക്ക് പരിക്കേറ്റ പ്രവര്‍ത്തകരെ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. കമ്പിവടിയും കല്ലും ഉപയോഗിച്ചാണ് പരസ്പരം ആക്രമിച്ചത്.
കുട്ടനാട്ടിലെ കൂട്ടരാജിയുമായി ബന്ധപ്പെട്ട വിവാദങ്ങളുടെ തുടര്‍ച്ചയായാണ് സംഘര്‍ഷം. രാമങ്കരിയില്‍ നിന്നായിരുന്നു കൂട്ടരാജിയുടെ തുടക്കം. ഏരിയാ കമ്മിറ്റിയംഗമുള്‍പ്പെടെ 42 പേര് രാജിവെച്ചത് സി.പി.ഐ.എം നേതൃത്വത്തെ ഞെട്ടിച്ചിരുന്നു. തുടര്‍ന്നുള്ള ദിവസങ്ങളില്‍ കുട്ടനാട് ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള വിവിധ ലോക്കല്‍ കമ്മിറ്റിക്ക് കീഴിലുള്ള ബ്രാഞ്ചുകളില്‍ നിന്ന് 300-ല്‍ അധികം പേര് രാജിവെച്ചിരുന്നു. തുടര്‍ന്ന് നേതൃത്വം ഇടപെട്ട് പരാതി കേള്‍ക്കുകയും സംഭവം രമ്യമായി പരിഹരിക്കാമെന്ന് ഉറപ്പുനല്‍കിയതോടുംകൂടി പ്രശ്നങ്ങള്‍ ഒതുങ്ങി നില്‍ക്കുകയായിരുന്നു.