കൊച്ചി: മദ്യപിച്ച് വാഹനമോടിച്ച ബസ് ഡ്രൈവര്‍മാരെ ഇംപോസിഷന്‍ എഴുതിപ്പിച്ച ശേഷം ജാമ്യത്തില്‍ വിട്ടു. ‘ഇനി മദ്യപിച്ച് വാഹനം ഓടിക്കില്ല’എന്ന് 1000 തവണ ഇംപോസിഷന്‍ എഴുതിച്ച ശേഷമാണ് പിടിയിലായവരെ ജാമ്യത്തില്‍ വിട്ടത്. പിടിയിലായ 16 ഡ്രൈവര്‍മാര്‍ക്കാണ് ഇത്തരത്തില്‍ വിജിത്രമായ ശിക്ഷ ലഭിച്ചത്.
ഇന്ന് പുലര്‍ച്ചെ അഞ്ച് മണി മുതല്‍ ഒമ്പത് മണി വരെ നടത്തിയ പരിശോധനയിലാണ് ഡ്രൈവര്‍മാര്‍ പിടിയിലായത്. തൃപ്പൂണിത്തുറ ഹില്‍പാലസ് ഇന്‍സ്പെക്ടര്‍ വി. ഗോപകുമാറാണ് പരിശോധനയ്ക്ക് നേതൃത്വം നല്‍കിയത്.
പിടിയിലായവരില്‍ നാല് പേര് സ്കൂള്‍ ബസ്സ് ഓടിച്ചവരും രണ്ടുപേര്‍ പേര് കെഎസ്ആര്‍ടിസി ബസ്സ് ഡ്രൈവര്‍മാരും 10 പേര് പ്രൈവറ്റ് ബസ്സ് ഓടിച്ച ഡ്രൈവര്‍മാരുമാണ്.
പിടികൂടിയ ബസിലെ യാത്രക്കാരെ തൃപ്പൂണിത്തുറ ബസ് സ്റ്റാന്‍ഡിലെത്തിച്ച് യാത്രാ സൗകര്യം ഒരുക്കി നല്കി. കൂടാതെ സ്കൂള്‍ വിദ്യാര്‍ത്ഥികളെ മഫ്ടിയിലുള്ള പൊലീസ് സ്കൂളുകളില്‍ എത്തിച്ചു. പിടിയിലായ ഡ്രൈവര്‍മാരുടെ ഡ്രൈവിംങ് ലൈസന്‍സ് റദ്ദാക്കുന്നതിനും ഇവര്‍ ഓടിച്ചിരുന്ന വാഹനങ്ങളുടെ രജിസ്ട്രേഷന് റദ്ദാക്കുന്നതിനും വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചു.