നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് കൊച്ചിയിലെ ദിലീപിന്റെ സിനിമാ നിര്‍മാണക്കമ്പനി ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സിലും സഹോദരന് അനൂപിന്റെ വീട്ടിലും പൊലീസ് പരിശോധന. നടിയെ ആക്രമിച്ച കേസ് അന്വേഷിക്കുന്ന പ്രത്യേക സംഘത്തിലെ ഉദ്യോഗസ്ഥന് ഡിവൈഎസ്പി ബൈജു പൗലോസിന്റെ നേതൃത്വത്തിലാണ് കൊച്ചിയിലെ കമ്പനിയില്‍ അന്വേഷണ സംഘം റെയ്ഡ് നടത്താനെത്തിയത്. ദിലീപുമായി ബന്ധപ്പെട്ട് തെളിവുകള്‍ ശേഖരിക്കാന്‍ കഴിയുന്ന എല്ലാ സ്ഥലങ്ങളിലും ഒരേസമയം റെയ്ഡ് നടത്തി, പരമാവധി തെളിവുകള്‍ ശേഖരിക്കുക എന്നതാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം.
സംവിധായകന് ബാലചന്ദ്രകുമാര്‍ വെളിപ്പെടുത്തിയ കാര്യങ്ങളുമായി ബന്ധപ്പെട്ട് ഡിജിറ്റല്‍ തെളിവുകള്‍ തേടാനാണ് ക്രൈംബ്രാഞ്ച് ശ്രമം. നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം, അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ വധിക്കാന്‍ ഗൂഢാലോചന നടത്തി എന്നീ രണ്ട് കേസുകളുമായി ബന്ധപ്പെട്ടാണ് തെളിവുകള്‍ തേടി ക്രൈംബ്രാഞ്ച് എസ്പി മോഹനചന്ദ്രന്റെ നേതൃത്വത്തില്‍ ആലുവയിലെ ദിലീപിന്റെ ‘പത്മസരോവരം’ എന്ന വീട്ടില്‍ പരിശോധന നടത്തുന്നത്.
അന്വേഷണസംഘത്തെ ആക്രമിക്കാന്‍ ഗൂഢാലോചന നടത്തിയതുമായി ബന്ധപ്പെട്ട് ദിലീപിന്റെ മുന്‍കൂര്‍ ജാമ്യഹര്‍ജി നാളെ ഹൈക്കോടതി പരിഗണിക്കാനിരിക്കുകയാണ്. ഇതിന് മുന്നോടിയായാണ് വ്യാപക പരിശോധന. ഒരു കാരണവശാലും ദിലീപിന് മുന്‍കൂര്‍ ജാമ്യം അനുവദിക്കരുതെന്ന് അന്വേഷണ സംഘം കോടതിയില്‍ വാദിക്കും. ഇതിനായുള്ള തെളിവുകള്‍ ശേഖരിക്കാനാണ് പരിശോധന. ഒന്നാം പ്രതി ദിലീപ്, സഹോദരന് അനൂപ്, സഹോദരീ ഭര്‍ത്താവ് സുരാജ് എന്നിവരാണ് ഹൈക്കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിരിക്കുന്നത്.
ഇത് പൊലീസ് കെട്ടിച്ചമച്ച കേസാണെന്നും നടിയെ ആക്രമിച്ച കേസില്‍ അന്വേഷണ ഉദ്യോഗസ്ഥനെ വിസ്തരിക്കാനിരിക്കെയാണ് പുതിയ എഫ്ഐആറെന്നുമാണ് കോടതിയില്‍ ദിലീപിന്റെ അഭിഭാഷകന് വാദിച്ചത്.
ദിലീപും അനൂപും ചേര്‍ന്ന് നടത്തുന്ന സിനിമാ നിര്‍മാണ കമ്പനിയാണ് ഗ്രാന്‍ഡ് പ്രൊഡക്ഷന്‍സ്. അന്വേഷണ ഉദ്യോഗസ്ഥനായ ബൈജു പൗലോസിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ദിലീപിന്റെ കമ്പനിയില്‍ പരിശോധന നടത്താനെത്തിയത്. എന്നാല്‍ സ്ഥാപനം അടച്ചിട്ടിരിക്കുകയായിരുന്നു. പിന്നീട് രണ്ടേകാലോടെ ജീവനക്കാര്‍ വന്ന് സ്ഥാപനം തുറന്നു.
ഇതോടൊപ്പം ദിലീപിന്റെ സഹോദരന് അനൂപിന്റെ വീട്ടിലും അന്വേഷണ സംഘം പരിശോധന നടത്തുകയാണ്. സംവിധായകനായ ബാലചന്ദ്രകുമാറിന്റെ മൊഴിയില്‍ ദിലീപിന്റെ അനുജന് അനൂപിന്റെ പേരും പരാമര്‍ശിക്കുന്നുണ്ട്. രണ്ട് ക്രൈംബ്രാഞ്ച് സിഐമാരുടെ നേതൃത്വത്തിലാണ് ഇവിടെ പരിശോധന നടക്കുന്നത്. ആലുവ പറവൂര്‍ കവലയിലാണ് ‘പത്മസരോവരം’ എന്ന അനൂപിന്റെ വീട്.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യത്തിലാണ് ദിലീപിപ്പോള്‍. സാക്ഷികളെ സ്വാധീനിക്കരുത്, അന്വേഷണത്തെ ബാധിക്കുന്ന ഒന്നും ചെയ്യരുത് എന്നതടക്കമുള്ള വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ കര്‍ശനവ്യവസ്ഥകളോടെയാണ് ദിലീപിന് കോടതി ജാമ്യം നല്‍കിയത്. അന്വേഷണ സംഘത്തിലെ ഉദ്യോഗസ്ഥരെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്നും, സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചുവെന്നും എന്തെങ്കിലും തെളിവ് കോടതിയില്‍ ഹാജരാക്കിയാല്‍ ദിലീപിന്റെ ജാമ്യം റദ്ദാകും, ജയിലില്‍ പോകേണ്ടി വരും.
കേസിലെ മുഖ്യപ്രതി സുനില്‍കുമാര്‍ ജയിലില്‍ നിന്നെഴുതിയ കത്തിന്റെ പകര്‍പ്പ് സുനിലിന്റെ അമ്മ അടുത്തിടെ പുറത്ത് വിട്ടിരുന്നു. ഇതിന്റെ അസ്സല് കണ്ടെത്തുന്നതിനായി എറണാകുളം സബ് ജയിലിലെ സെല്ലില്‍ പ്രത്യേക അന്വേഷണ സംഘം പരിശോധന നടത്തി. തിരച്ചില്‍ ഒന്നര മണിക്കൂര്‍ നീണ്ടെങ്കിലും കത്ത് കണ്ടെത്താനായില്ല.