രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ യാത്രയയ്ക്കിടെ പോക്കറ്റടി. തമിഴ്നാട്ടില്‍ നിന്നുള്ള നാലംഗ പോക്കറ്റടി സംഘത്തെ പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചാണ് തിരുവനന്തപുരം സിറ്റി പൊലീസ് മോഷണസംഘത്തെ തിരിച്ചറിഞ്ഞത്. മോഷണ സംഘത്തെ ഉടന്‍ അറസ്റ്റ് ചെയ്യുമെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് വ്യക്തമാക്കി.
ഇന്ന് രാവിലെ നേമത്ത് നിന്നാണ് ഭാരത് ജോഡോ യാത്ര ആരംഭിച്ചത്. ജോഡോ യാത്ര കടന്നുപോയ കരമന, തമ്പാനൂര്‍ എന്നിവിടങ്ങളില്‍ നിന്ന് പലരുടെയും പേഴ്സും പണവും നഷ്ടപ്പെട്ടതായി പരാതി വന്നിട്ടുണ്ട്. തുടര്‍ന്ന് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പൊലീസ് നാലംഗ സംഘത്തെ തിരിച്ചറിയുകയായിരുന്നു. എല്ലാ സ്റ്റേഷനുകളിലും ഇവരുടെ ചിത്രങ്ങള്‍ എത്തിയിട്ടുണ്ട്.
മുന്‍പും ഈ സംഘം മോഷണകേസുകളില്‍ പ്രതികളായിട്ടുള്ളതിനാല് വിവിധ സ്റ്റേഷനുകളില്‍ നിന്ന് ഇവരെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചുവരികയാണ്. നേമത്തുനിന്നാണ് ഈ സംഘം ജോഡോ യാത്രയിലേക്ക് പ്രവേശിച്ചത്. നാലുപേരും കേരളത്തിലുള്‍പ്പെടെ നിരവധി കേസുകളില്‍ പ്രതികളായിട്ടുണ്ടെന്നും പൊലീസ് വ്യക്തമാക്കി.
കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര ഇന്നലെയാണ് കേരളത്തില്‍ പ്രവേശിച്ചത്. ഇന്ന് രാവിലെ ഏഴിന് വെള്ളായണി ജംഗ്ഷനില്‍ നിന്നാണ് പദയാത്ര ആരംഭിച്ചത്. വൈകിട്ട് പട്ടത്തു നിന്നും ആരംഭിച്ച് കഴക്കൂട്ടത്ത് യാത്ര അവസാനിക്കും. സമാപന പൊതുയോഗത്തില്‍ ദേശീയ, സംസ്ഥാന നേതാക്കള്‍ പങ്കെടുക്കും.