രാഷ്ട്രീയവിവാദം സൃഷ്ടിച്ച പെരിയ ഇരട്ടക്കൊലക്കേസില്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട ഹൈക്കോടതി ഉത്തരവിനെതിരെ സുപ്രീംകോടതിയില്‍ ഹര്‍ജിയുമായി സംസ്ഥാനസര്‍ക്കാര്‍. സിംഗില്‍ ബഞ്ചും പിന്നാലെ ഡിവിഷന് ബഞ്ചും കേസ് സിബിഐ അന്വേഷിക്കണമെന്ന് ഉത്തരവിട്ടിട്ടും, പൊലീസ് സിബിഐയോട് സമ്പൂര്‍ണനിസ്സഹകരണമാണ് കാണിച്ചത്. ഡിജിപിക്കും ക്രൈംബ്രാഞ്ച് മേധാവിക്കുമായി നാല് തവണ സിബിഐ കേസ് രേഖകള്‍ തേടി കത്ത് നല്‍കിയിട്ടും കേസ് ഡയറിയോ മറ്റ് രേഖകളോ പൊലീസ് നല്‍കിയതുമില്ല. ഇത് സംബന്ധിച്ച് ആഭ്യന്തര വകുപ്പ് നേരത്തെ നിയമോപദേശം തേടിയിരുന്നു.
കുറ്റപത്രം നിലനിര്‍ത്തിയതിനാല്‍ സാധ്യതയുണ്ടെന്ന് പൊലീസ് പറയുന്നു. കേസ് ഡയറി ഇതുവരെ കൈമാറിയില്ല. ഡിവിഷന് ബെഞ്ച് ഉത്തരവിന് ശേഷവും കേസ് ഡയറി സിബിഐക്ക് കൈമാറാതിരിക്കുകയാണ് ക്രൈംബ്രാഞ്ച്. രേഖകള്‍ അവശ്യപ്പെട്ട് സിബിഐ നാല് തവണ കത്ത് നല്‍കിയിരുന്നു. കേസില്‍ കുറ്റപത്രം ഹൈക്കോടതി റദ്ദാക്കിയിട്ടില്ലാത്തതിനാല്‍, ഇത് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
കഴിഞ്ഞ വര്‍ഷം സെപ്റ്റംബര്‍ 30നാണ് സിംഗിള്‍ ബെഞ്ച് കേസന്വേഷണം സിബിഐക്ക് വിട്ടത്. പിന്നാലെ സിബിഐ എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എന്നാല്‍, കേസ് ഫയലുകള്‍ ക്രൈംബ്രാഞ്ച് കൈമാറിയില്ല. ഇതോടെ അന്വേഷണ നടപടികള്‍ നിലച്ചിരുന്നു.
ക്രൈംബ്രാഞ്ചിനെതിരെ രൂക്ഷവിമര്‍ശനവുമായാണ് ഹൈക്കോടതി കേസന്വേഷണം സിബിഐയ്ക്ക് വിട്ടത്. പൊലീസന്വേഷണത്തില്‍ രാഷ്ട്രീയചായ്വുണ്ടോ എന്ന് സംശയിക്കുന്നുവെന്നടക്കം സിംഗിള്‍ ബഞ്ച് ഉത്തരവില്‍ പറഞ്ഞിരുന്നു. ക്രൈംബ്രാഞ്ച് അന്വേഷണം അപൂര്‍ണവും, വസ്തുതാപരമല്ലാത്തതുമെന്ന് ഡിവിഷന് ബഞ്ച് ഉത്തരവില്‍ പറയുന്നു. ഗൂഢാലോചന സംബന്ധിച്ച പല നിര്‍ണായക വിവരങ്ങളും വേണ്ട രീതിയില്‍ അന്വേഷിച്ചില്ല. പല കണ്ടെത്തലുകളിലും ആഴത്തിലുള്ള അന്വേഷണം നടത്തണ്ടതായിരുന്നു. സാഹചര്യത്തെളിവുകള്‍ മാത്രമുള്ള കേസില്‍ പല സാക്ഷികളെയും വേണ്ട രീതിയില്‍ ചോദ്യം ചെയ്തില്ല. സിസിടിവി ദൃശ്യങ്ങള്‍ ശേഖരിക്കുന്നതിലും പരിശോധിക്കുന്നതിലും വീഴ്ച ഉണ്ടായി. സംശയാസ്പദമായ പല കാര്യങ്ങളിലും വേണ്ട രീതിയില്‍ അന്വേഷണം നടന്നില്ലെന്നും കോടതി വിമര്‍ശിക്കുന്നു. ഇത് കേസിന്റെ നിലനില്പിനെ തന്നെ ബാധിക്കാവുന്ന വീഴ്ചയെന്നും കോടതി ചൂണ്ടിക്കാട്ടുന്നു.
സര്‍ക്കാരിന്റെ അപ്പീല്‍ തള്ളി, പെരിയ ഇരട്ടക്കൊലപാതക കേസ് സിബിഐ തന്നെ അന്വേഷിക്കാന്‍ ഡിവിഷന് ബഞ്ച് ഉത്തരവിട്ടത് സിപിഎമ്മിനും സംസ്ഥാനസര്‍ക്കാരിനും വലിയ തിരിച്ചടിയായിരുന്നു. സിംഗിള്‍ ബഞ്ച് വിധി ചോദ്യം ചെയ്ത സര്‍ക്കാര്‍ നല്കിയ അപ്പീല്‍ ഡിവിഷന് ബഞ്ച് തള്ളുകയായിരുന്നു. ക്രൈം ബ്രാഞ്ച് നല്കിയ കുറ്റപത്രം നിലനിര്‍ത്തിയിട്ടുണ്ടെങ്കിലും സിബിഐ അന്വേഷണം പൂര്‍ത്തിയാകാതെ തുടര്‍ നടപടി പാടില്ലെന്ന് മജിസ്ട്രേറ്റ് കോടതിയ്ക്ക് ഹൈക്കോടതി നിര്‍ദ്ദേശം നല്കി.
കേസില്‍ സിബിഐ അന്വേഷണം ഒഴിവാക്കാന്‍ സര്‍ക്കാര്‍ ലക്ഷങ്ങളാണ് ചെലവഴിച്ചത്. സുപ്രീം കോടതിയിലെ മുന്‍ അഡീഷണല്‍ സോളിസ്റ്റര്‍ ജനറല്‍മാരടക്കം വാദത്തിനായി എത്തിയതിന് 88 ലക്ഷത്തോളം രൂപ ഖജനാവില്‍ നിന്ന് നല്കി. 2019 ഫിബ്രവരി 17-നായിരുന്നു കാസര്‍കോട്ട് കല്യോട്ട് വെച്ച് ബൈക്കില്‍ സഞ്ചരിക്കുകയായിരുന്ന യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ കൃപേഷിനെയും ശരത് ലാലിനെയും കൊലപ്പെടുത്തുന്നത്.