പാലാരിവട്ടം പാലം അഴിമതി കേസില്‍ മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിനെതിരെ വിജിലന്‍സ് ഹൈക്കോടതിയില്‍. സൂരജിനെതിരെ കേസ് റജിസ്റ്റര്‍ ചെയ്തത് സംസ്ഥാന സര്‍ക്കാരിന്റെ അനുമതിയോടെയാണ് എന്ന് വിജിലന്‍സ് കോടതിയെ അറിയിച്ചു. തനിക്കെതിരായ എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് ടി.ഒ സൂരജ് നല്കിയ ഹര്‍ജിയിലാണ് വിജിലന്‍സ് റിപ്പോര്‍ട്ട്.
പാലം നിര്‍മാണത്തില്‍ സംസ്ഥാന സര്‍ക്കാരിന് 14 കോടി 30 ലക്ഷം രൂപയുടെ നഷ്ടമുണ്ടായെന്നും വിജിലന്‍സ് കോടതിയെ അറിയിച്ചു. നടപടിക്രമങ്ങള്‍ പാലിക്കാതെയാണ് കേസെടുത്തതെന്ന സൂരജിന്റെ വാദം അടിസ്ഥാനരഹിതമാണെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
പാലം അഴിമതിയില്‍ ടിഒ സൂരജിന് നിര്‍ണായക പങ്കുണ്ട്. കരാര്‍ കമ്പനിയായ ആര്‍ഡിഎസിന് ചട്ടം ലംഘിച്ച് മൊബിലൈസേഷന്‍ തുക അനുവദിച്ചതിന് പിറകെ സൂരജ് മകന്റെ പേരില്‍ ഇടപ്പള്ളിയില്‍ 14 സെന്റ് ഭൂമി വാങ്ങി. ഭൂമി ഇടപാടിന്റെ മറവില്‍ കള്ളപ്പണ ഇടപാട് നടന്നതായും വിജിലന്‍സ് ആരോപിക്കുന്നു.
അഴിമതി നിരോധന നിയമത്തിലെ പുതിയ ദേദഗതി പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് തനിക്കെതിരെ കേസെടുത്തതെന്നും അതിനാല്‍ എഫ്ഐആര്‍ നിലനില്‍ക്കില്ലെന്നും ചൂണ്ടിക്കാട്ടിയാണ് ടി. ഒ സൂരജ് ഹൈക്കോടതിയെ സമീപിച്ചത്. കേസില്‍ തീര്‍പ്പാവും വരെ വിചാരണ കോടതിയിലെ തുടര്‍ നടപടികള്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യവും ഹര്‍ജിയില്‍ ഉന്നയിച്ചിരുന്നു.