കൊച്ചിയില്‍ നിന്ന് രണ്ടു സ്ത്രീകളെ തട്ടിക്കൊണ്ടു പോയി കൊന്നു കഷ്ണങ്ങളാക്കി പത്തനംതിട്ടയ്ക്കു സമീപം ഇലന്തൂരില്‍ കുഴിച്ചിട്ട സംഭവത്തില്‍ മൃതദേഹാവശിഷ്ടം കണ്ടെത്തി. ഒരു കുഴിയില്‍ ശരീരഭാഗങ്ങള്‍ കഷ്ണങ്ങളായി കുഴിച്ചിട്ടിരിക്കുന്ന നിലയിലായിരുന്നു. താഴ്ചയിലാണ് കുഴിച്ചിട്ടിരിക്കുന്നത്. മൃതദേഹ ഭാഗം ഡിഎന്‍എ പരിശോധനയ്ക്ക് അയക്കും. ഇതുപോലെ തന്നെ ശരീരഭാഗങ്ങള്‍ മറ്റിടങ്ങളിലും കുഴിച്ചിട്ടിട്ടുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
പ്രതി ഭഗവല്‍ സിംഗിന്റെ വീട്ടുവളപ്പില്‍ കുഴിച്ചിട്ട നിലയിലാണ് മൃതദേഹാവശിഷ്ടങ്ങള്‍ കണ്ടെത്തിയത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരുടെയും റവന്യൂ ഉദ്യോഗസ്ഥരുടെയും നേതൃത്വത്തിലാണ് പരിശോധന നടത്തുന്നത്.
കോട്ടയം മെഡിക്കല്‍ കോളേജിലെ ഫോറന്‍സിക് സംഘം സ്ഥലത്തെത്തിയിട്ടുണ്ട്. ഡിഎന്‍എ പരിശോധനയ്ക്ക് ആവശ്യമായ സാമ്പിളുകള്‍ ശേഖരിച്ചു. ലോട്ടറി വില്‍പ്പനക്കാരായിരുന്ന സ്ത്രീകളെ കബളിപ്പിച്ച് സ്ഥലത്തെത്തിച്ച് ക്രൂരമായി കൊലപ്പെടുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊലപാതക ശേഷം ശരീരം കഷണങ്ങളാക്കി കുഴിച്ചിടുകയായിരുന്നുവെന്നും കമ്മീഷണര്‍ പറഞ്ഞു.
തിരുവല്ലയിലെ ദമ്പതികള്‍ക്ക് വേണ്ടിയാണ് പെരുമ്പാവൂരില്‍ നിന്നുള്ള ഏജന്റ് കാലടിയില്‍നിന്നും കടവന്ത്രയില്‍നിന്നുമുള്ള സ്ത്രീകളെ കടത്തിക്കൊണ്ടുപോയതെന്നാണ് വിവരം. തിരുവല്ല സ്വദേശിയായ വൈദ്യന് ഭഗവല്‍ സിങ്, ഭാര്യ ലൈല, പെരുമ്പാവൂര്‍ സ്വദേശിയായ ഏജന്റ് മുഹമദ് ഷാഫി എന്ന ഷിഹാബ് എന്നിവരാണ് നരബലിയുമായി ബന്ധപ്പെട്ട് പിടിയിലായത്.
കുറച്ച് നാള് മുന്‍പ് കടവന്ത്രയില്‍ നിന്ന് ലോട്ടറി വില്പനക്കാരിയായ സ്ത്രീയെ കാണാതായിരുന്നു. കഴിഞ്ഞ മാസം 26-ാം തിയതിയാണ് പത്മയെ കാണാതാകുന്നത്. പത്മയെന്ന സ്ത്രീയുടെ തിരോധാനത്തെ കുറിച്ചുള്ള പൊലീസിന്റെ അന്വേഷണമാണ് കൊലപാതകത്തിലേക്കും അത് നരബലിയാണെന്നുമുള്ള വെളിപ്പെടുത്തലിലേക്കും വഴി തെളിച്ചത്. പത്മയുടെ മൊബൈല്‍ ടവര്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണമാണ് പൊലീസിനെ തിരുവല്ലയില്‍ എത്തിച്ചത്. പിന്നീടാണ് സമാന രീതിയില്‍ കാലടിയില്‍ നിന്ന് മറ്റൊരു യുവതിയേയും കാണാനില്ലെന്ന കാര്യം പൊലീസ് അന്വേഷണത്തില്‍ കണ്ടെത്തുന്നത്. ജൂണ്‍ മാസമാണ് കാലടി സ്വദേശിനിയായ റോസ്ലിയെ കാണാതാകുന്നത്.