കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസ് അന്വേഷണം ഏറെ വെല്ലുവിളി നിറഞ്ഞതായിരുന്നുവെന്ന് മുന്‍ കൊല്ലം റൂറല്‍ എസ്പി എസ് ഹരിശങ്കര്‍. ഒരു ഘട്ടത്തിലും പ്രതി അന്വേഷണത്തോട് സഹകരിച്ചിരുന്നില്ലെന്ന് എസ് ഹരിശങ്കര്‍ പറയുന്നു. പല തെളിവുകള്‍ നിരത്തിയിട്ടും കുറ്റസമ്മതം നടത്താന്‍ പ്രതി സൂരജ് തയാറായില്ല. കേസില്‍ ദൃക്സാക്ഷികള്‍ ഇല്ലാത്തതിനാല്‍ പരമാവധി ശാസ്ത്രീയ തെളിവുകള്‍ ശേഖരിച്ചു. പ്രതിക്ക് പരമാവതി ശിക്ഷ ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും എസ്പി എസ് ഹരിശങ്കര്‍ പറഞ്ഞു.
ഇതിനിടെ പ്രതി സൂരജിന് കുറ്റബോധമേ ഉണ്ടായിരുന്നില്ലെന്ന് അന്വേഷണ ഉദ്യോഗസ്ഥനായിരുന്ന ഡിവൈഎസ്പി അശോകന് പ്രതികരിച്ചിരുന്നു . പിടിക്കപ്പെടില്ല എന്ന മനോഭാവമായിരുന്നു സൂരജിന് ഉണ്ടായിരുന്നതെന്ന് ഡിവൈഎസ്പി അശോകന് പറയുന്നു. തെളിവുകള്‍ നിരത്തിയപ്പോള്‍ പ്രതിക്ക് കുറ്റം സമ്മതിക്കേണ്ടി വന്നതാണെന്നാണ് അന്വേഷണ സംഘ ഉദ്യോഗസ്ഥന് പറയുന്നത്.
കൊലപാതകം ചെയ്ത രീതി തന്നെയാണ് കേസ് ഏറ്റെടുത്തപ്പോള്‍ ഉണ്ടായ ഏറ്റവും വലിയ വെല്ലുവിളിയെന്നും ഡിവൈഎസ്പി ചൂണ്ടിക്കാട്ടി. പ്രതിക്ക് പരമാവധി ശിക്ഷ കിട്ടുമെന്നാണ് പ്രതീക്ഷയെന്നും ഡി.വൈ.എസ്.പി ആയിരുന്ന അശോകന് പറഞ്ഞു.
കേരള മനസാക്ഷിയെ ഞെട്ടിച്ച കൊല്ലം അഞ്ചല്‍ ഉത്ര വധക്കേസില്‍ ഇന്നാണ് വിധി പറയുക. കൊല്ലം ജില്ലാ അഡീഷണല്‍ സെഷന്‍സ് കോടതിയാണ് കേസില്‍ അന്തിമ വിധി പറയുക. കൊലപാതകം നടന്ന് ഒന്നര വര്‍ഷത്തിനുള്ളിലാണ് കേസില്‍ വിധിയെത്തുന്നത്.