കോഴിക്കോട്: മാവൂര്‍ റോഡിലെ ലോഡ്ജില്‍ നിന്ന് സിന്തറ്റിക് ലഹരി മരുന്ന് പിടികൂടി. സംഭവത്തില്‍ എട്ട് പേര് പിടിയിലായി. അറസ്റ്റിലായ എട്ടുപേരിൽ ഒരു യുവതിയുമുണ്ട്. എല്ലാവരും കോഴിക്കോട് സ്വദേശികളാണ്. പോലീസിന് ലഭിച്ച രഹസ്യവിവരത്തിൻ്റെ അടിസ്ഥാനത്തില്‍ നടത്തിയ പരിശോധനയിലാണ് ലഹരിമരുന്നുമായി സംഘത്തെ പിടികൂടിയത്.
കോഴിക്കോട് കുറ്റിക്കാട്ടൂര്‍ സ്വദേശി അര്‍ഷാദിൻ്റെ നേതൃത്വത്തിലുള്ള എട്ടംഗ സംഘം മൂന്ന് ദിവസമായി ലോഡ്ജില്‍ മുറിയെടുത്തു താമസിച്ചുവരികയായിരുന്നു. നാല് മുറികളിലായാണ് സംഘം താമസിച്ചത്. പിടിയിലായവര്‍ എല്ലാവരും ലഹരി മരുന്ന് ഉപയോഗിച്ചിട്ടുണ്ടെന്ന് പൊലീസ് പറഞ്ഞു.
ലഹരി മരുന്ന് വില്പനയ്ക്കായിട്ടാണ് ഇവര്‍ ലോഡ്ജിലെത്തിയതെന്നാണ് സൂചന. പിടിയിലായവര്‍ക്ക് അന്തര്‍ സംസ്ഥാന ബന്ധമുണ്ടോയെന്നും പൊലീസ് സംശയിക്കുന്നുണ്ട്. ഇവരില്‍ നിന്ന് അഞ്ഞൂറ് ഗ്രാം ഹാഷിഷ് ഓയിലും ആറ് ഗ്രാം എം.ഡി.എം.എയും പിടികൂടിയിട്ടുണ്ട്.