സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി. ഇഡി ഉദ്യോഗസ്ഥര്‍ക്കെതിരെ സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ജുഡീഷ്യല്‍ അന്വേഷണം ഹൈക്കോടതി സ്റ്റേ ചെയ്തു. എന്‍ഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് നല്കിയ ഹര്‍ജി പരിഗണിച്ച ഹൈക്കോടതി ജുഡീഷ്യല്‍ അന്വേഷണത്തിന് ഇടക്കാല സ്റ്റേ ചെയ്തു. കോടതിയുടേത് ഇടക്കാല ഉത്തരവാണ്. ഹര്‍ജിയില്‍ വിശദമായ വാദം കേള്‍ക്കും.
കേന്ദ്ര ഏജന്‍സി ഉള്‍പ്പെട്ട കേസില്‍ ജുഡീഷ്യല്‍ കമ്മിഷനെ നിയമിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് അധികാരമില്ലെന്നും സമാന്തര അന്വേഷണം ശരിയല്ലെന്നുമായിരുന്നു ജുഡീഷ്യല്‍ കമ്മീഷന് നിയമനത്തിനെതിരെ നല്കിയ ഹര്‍ജിയില്‍ ഇഡി വാദം.
കേന്ദ്ര ഏജന്‍സിയുടെ അന്വേഷണം കോടതിയുടെ മേല്‍നോട്ടത്തില്‍ ആണ്. കമ്മിഷന് ഓഫ് എന്‍ക്വയറീസ് ആക്ട് പ്രകാരം സംസ്ഥാനങ്ങള്‍ക്ക് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ അന്വേഷണം നടത്താനാകില്ല. മുഖ്യമന്ത്രി ഒദ്യോഗിക പദവി ദുരുപയോഗം ചെയ്താണ് കമ്മീഷന് നിയമന ഉത്തരവിറക്കിയത്. സ്വര്‍ണക്കടത്തിലെ അന്വേഷണം അട്ടിമറിയ്ക്കാനാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയമിച്ചത്’. ആയതിനാല്‍ ജുഡിഷ്യല്‍ കമ്മീഷന് അന്വേഷണം സ്റ്റേ ചെയ്യണമെന്നും ഇഡി കോടതിയോട് ആവശ്യപ്പെട്ടു.
അതേസമയം, ജൂഡിഷ്യല്‍ കമ്മിഷന് എതിരായ ഇഡി ഹര്‍ജി നിലനില്‍ക്കില്ലെന്നായിരുന്നു സര്‍ക്കാര്‍ വാദം. ഇഡി കേന്ദ്ര സര്‍ക്കാരിന് കീഴിലുള്ള വകുപ്പ് മാത്രമാണെന്നും അങ്ങനെ ഒരു വകുപ്പിന് സംസ്ഥാന സര്‍ക്കാരിന് എതിരെ ഹര്‍ജി നല്കാന് കഴിയില്ലെന്നും സര്‍ക്കാര്‍ കോടതിയില്‍ നിലപാടെടുത്തു.
എന്നാല്‍, ജുഡീഷ്യല്‍ അന്വേഷണത്തിനുള്ള തീരുമാനം നിയമവശങ്ങള്‍ പരിശോധിച്ചെടുത്തതെന്ന പ്രതിരോധവുമായി സിപിഎം രംഗത്തെത്തി. ഇടക്കാല സ്റ്റേ വന്നതുകൊണ്ട് ആ തീരുമാനം ഇല്ലാതാകുന്നില്ലെന്ന് എ. വിജയരാഘവന് പറഞ്ഞു. തുടര്‍ നടപടി സര്‍ക്കാര്‍ ആലോചിച്ച് തീരുമാനിക്കും. അന്വേഷണം പ്രഖ്യാപിച്ചത് ഇഡി സര്‍ക്കാരിന്റെ പ്രവര്‍ത്തനം തടസപ്പെടുത്താന്‍ മുതിര്ന്നപ്പോഴാണെന്നും അദ്ദേഹം അവകാശപ്പെട്ടു.