കൊല്ലം കല്ലുവാതുക്കലില്‍ ഉപേക്ഷിച്ച കുഞ്ഞ് മരിച്ച സംഭവത്തില്‍ അറസ്റ്റിലായ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്ന യുവാവിനെ കണ്ടെത്തി. രേഷ്മ നാല് മാസമായി ഈ യുവാവുമായി ചാറ്റ് ചെയ്തിരുന്നു. ക്വട്ടേഷന്‍ സംഘത്തിലെ അംഗമായ യുവാവ് ഒരു കേസില്‍ പെട്ട് ജില്ലാ ജയിലില്‍ റിമാന്‍ഡിലാണ്. അനന്തു പ്രസാദ് എന്നാണ് യുവാവിന്റെ പേര്.
എന്നാല്‍ കേസ് ചുരുളഴിക്കുന്നതിന് പകരം കൂടുതല്‍ ദുരൂഹതകളിലേക്കാണ് യുവാവിന്റെ കടന്നു വരവും നീക്കുന്നത്. അനന്തു എന്ന പേരിലല്ല യുവാവ് രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത്. ബിലാല്‍ എന്ന പേരിലാണ്. ജയിലാവുന്നതിനു മുമ്പു വരെ ബിലാല്‍ എന്ന ഫേസ്ബുക്ക് അക്കൗണ്ടില്‍ നിന്നാണ് ഇയാള്‍ രേഷ്മയുമായി ചാറ്റ് ചെയ്തിരുന്നത്. വര്‍ക്കല സ്വദേശിയാണ് ഇയാളെന്നും പൊലീസ് പറഞ്ഞു.
കഴിഞ്ഞ ദിവസം അന്വേഷണ സംഘം അട്ടക്കുളങ്ങര വനിതാ ജയിലില്‍ എത്തി ചോദ്യം ചെയ്തപ്പോള്‍ യുവാവിന്റെ ഫോട്ടോ രേഷ്മയെ കാണിച്ചിരുന്നു. ഇതു ബിലാല്‍ എന്ന ഫേസ്ബുക്ക് സുഹൃത്താണെന്നാണ് രേഷ്മ മൊഴി നല്‍കിയത്. ഇയാളുമായി സൗഹൃദം മാത്രമാണ് ഉണ്ടായിരുന്നതെന്ന് രേഷ്മ പറഞ്ഞു.
ഒടുവില്‍ പൊലീസാണ് ഇത് ബിലാലല്ല അനന്തു പ്രസാദ് ആണെന്ന് രേഷ്മയോട് പറഞ്ഞത്. രേഷ്മ ഇത് അനന്തുവാണെന്ന് അറിയാമെന്ന കാര്യം മറച്ചു വെക്കുകയാണോ എന്ന് വ്യക്തമല്ല. കാരണം ഈ യുവാവ് വര്‍ക്കല സ്വദേശിയാണ്. അനന്തുവിനെ കാണാന്‍ ഒരുവേള വര്‍ക്കലയില്‍ പോവുകയും കാണാനാവാതെ മടങ്ങിയെന്നും നേരത്തെ രേഷ്മ മൊഴി നല്‍കിയിട്ടുണ്ട്. അനന്തു എന്ന വ്യാജ അക്കൗണ്ടുമായി ചാറ്റ് ചെയ്യുമ്പോള്‍ തന്നെ ബിലാല്‍ എന്ന പേരിലുള്ള ഈ ഫേസ്ബുക്ക് പ്രൊഫൈലുമായും രേഷ്മ ചാറ്റ് ചെയ്യുകയായിരിക്കാമെന്നും പൊലീസ് അനുമാനിക്കുന്നു. രേഷ്മ അറസ്റ്റിലാവുന്നതിനു തൊട്ടു മുന്‍പാണ് അനന്തു പ്രസാദ് ഒരു ക്വട്ടേഷന്‍ ആക്രമണത്തെത്തുടര്‍ന്ന് അറസ്റ്റിലായത്.
ആര്യയും രേഷ്മയും കൂടി തന്നെ പറ്റിച്ചതാണെന്ന് പൊലീസിനോട് പറഞ്ഞപ്പോഴും അനന്തു എന്നൊരു കാമുകന് ഉണ്ടെന്ന വാദത്തിലുറച്ചു നില്‍ക്കുകയായിരുന്നു രേഷ്മ. അനന്തു എന്നൊരാളെ താന്‍ സ്നേഹിച്ചിരുന്നു. ഇയാളെ കാണാന്‍ വര്‍ക്കലയില്‍ പോവുകയും ചെയ്തിരുന്നു. എന്നാല്‍ കാണാനായില്ല. ഈ വിവരമറിഞ്ഞായിരിക്കണം ഗ്രീഷ്മയും ആര്യയും അനന്തു എന്നൊരു ഫേസ്ബുക്ക് അക്കൗണ്ട് ഉണ്ടാക്കി തന്നെ പറ്റിച്ചതെന്ന് രേഷ്മ പറയുന്നു. ഗ്രീഷ്മയുടെ ആണ്‍സുഹൃത്തിന്റെ വിവരം ബന്ധുക്കളെ താന്‍ അറിയിച്ചിരുന്നു. ഇതിന്റെ പ്രതികാരമാണിതെന്നും രേഷ്മ അന്ന് മൊഴി നല്കി.
പൊലീസ് പറയുന്നത് പ്രകാരം രേഷ്മയോട് അനന്തു എന്ന പേരില്‍ ചാറ്റ് ചെയ്തിരുന്നത് ആര്യയും ഗ്രീഷ്മയുമാണ്. താന്‍ ഗര്‍ഭിണിയാണെന്ന വിവരം ചാറ്റിംഗില്‍ രേഷ്മ പറഞ്ഞിരുന്നില്ല. ഇതറിയാതെയാണ് യുവതികള്‍ രേഷ്മയോട് ചാറ്റ് തുടര്‍ന്നത്. കാമുകന്റെ പേരില്‍ രേഷ്മ കുഞ്ഞിനെ ഉപേക്ഷിച്ചതും പിറ്റേന്ന് കുഞ്ഞ് മരിച്ചതുമറിഞ്ഞ യുവതികള്‍ മാനസിക വിഷമത്തിലായിരുന്നു. ഇത് ഇവരുടെ ആത്മഹത്യാക്കുറിപ്പില്‍ നിന്ന് വ്യക്തമാണ്. രേഷ്മ ചതിക്കുകയായിരുന്നു. പിഞ്ചു കുഞ്ഞിനെ കൊലപ്പെടുത്തിയത് സഹിക്കാന്‍ കഴിയുന്നില്ല. അറിഞ്ഞു കൊണ്ട് ആരെയും ചതിച്ചിട്ടില്ല. മകനെ നന്നായി നോക്കണമെന്നും ആത്മഹത്യാക്കുറിപ്പില്‍ പറയുന്നത്. രേഷ്മയുടെ ഭര്‍ത്താവ് വിഷ്ണുവിന്റെ സഹോദരിയുടെ മകളാണ് ഗ്രീഷ്മ. വിഷ്ണുവിന്റെ സഹോദരന്റെ ഭാര്യയാണ് ആര്യ.
കുഞ്ഞിനെ ഉപേക്ഷിച്ച കേസുമായി നേരിട്ട് ബന്ധമുണ്ടെന്ന് പൊലീസ് കരുതിയിരിന്നില്ലാത്ത ആര്യയെ അന്വേഷണത്തിന്റെ സ്വാഭാവിക നടപടി ക്രമങ്ങളുടെ ഭാഗമായാണ് വിളിപ്പിച്ചത്. എന്നാല്‍ പൊലീസ് വിളിപ്പിച്ചതിനു പിന്നാലെ ആര്യയെയും ഗ്രീഷ്മയെയും കാണാതാവുകയും പിന്നീട് നാട്ടിലെ ഇത്തിക്കരയാറ്റില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
വിവാഹിതയായ രേഷ്മ രണ്ട് വയസ്സുള്ള കുഞ്ഞിന്റെ അമ്മയാണ്. താന്‍ രണ്ടാമതും ഗര്‍ഭിണയായ വിവരം വീട്ടുകാരില്‍ നിന്നും രേഷ്മ മറച്ചു വെക്കുകയായിരുന്നെന്ന് രേഷ്മ പറയുന്നു. ഭര്‍ത്താവിനോട് പോലും ഇക്കാര്യം പറഞ്ഞിരുന്നില്ല. ഒടുവില്‍ ജനുവരി അഞ്ചിന് വീട്ടിലെ ശുചിമുറിയില്‍ കുഞ്ഞിനെ പ്രസവിച്ച ശേഷം കരിയിലക്കൂനയില്‍ ഉപേക്ഷിക്കുകയായിരുന്നു.