കൊച്ചി: ട്വന്റി20 കണ്‍വീനര്‍ സാബു എം.ജേക്കബിനെതിരായ പിവി ശ്രീനിജന് എം.എല്‍.എയുടെ പരാതി ഡി.വൈ.എസ്.പി റാങ്കിലുള്ള ഉദ്യോഗസ്ഥര്‍ അന്വേഷിക്കും. അന്വേഷണ സംഘത്തെ ഇന്ന് നിയോഗിക്കും. ഐക്കരനാട് പഞ്ചായത്ത് പ്രസിഡന്റ് അടക്കം മറ്റ് അഞ്ച് പേരെയും കേസില്‍ പ്രതി ചേര്‍ത്തിട്ടുണ്ട്.
ശ്രീനിജന് എം.എല്‍.എയുടെ മൊഴി തിങ്കളാഴ്ച രേഖപ്പെടുത്തും. പൊതുപരിപാടിക്കിടെ അപമാനിച്ചുവെന്ന പരാതിയില്‍ പട്ടികജാതി പീഡന നിരോധ നിയമപ്രകാരമാണ് സാബു എം. ജേക്കബിനെതിരെ കേസ് എടുത്തിട്ടുള്ളത്.
കേസ് നിയമപരമായി നേരിടുമെന്ന് സാബു എം. ജേക്കബ് പ്രതികരിച്ചിരുന്നു. ഇക്കഴിഞ്ഞ ചിങ്ങം ഒന്നിന്ന് ഐക്കരനാട് പഞ്ചായത്തില്‍ നടന്ന കര്‍ഷക ദിനാഘോഷ പരിപാടിയില്‍ വേദിയില്‍ വച്ച് അപമാനിച്ചുവെന്നാണ് പരാതി. ഉദ്ഘാടകനായ എം.എല്‍.എ എത്തിയതോടെ പഞ്ചായത്ത് പ്രസിഡന്റടക്കം നാലുപേര്‍ വേദിയില്‍ നിന്ന് ഇറങ്ങിപ്പോയി. സാബു എം. ജേക്കബിന്റെ നിര്‍ദേശ പ്രകാരമായിരുന്നു ബഹിഷ്കരണമെന്ന് പരാതിയില്‍ പറയുന്നു.