തിരുവനന്തപുരം: കളമശേരിയിൽ ജുഡീഷ്യൽ സിറ്റി സ്ഥാപിക്കാൻ തീരുമാനമായി. മുഖ്യമന്ത്രി പിണറായി വിജയനുമായി ഹൈക്കോടതി ചീഫ് ജസ്റ്റിസ് ആശിഷ് ജിതേന്ദ്ര ദേശായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഇതുസംബന്ധിച്ച് തത്വത്തില്‍ തീരുമാനമായത്. ഇതോടെ ഹൈക്കോടതി ഉൾപ്പെടെയുള്ള നിയമസ്ഥാപനങ്ങൾ ഒരു കോമ്പൗണ്ടിൽ ആക്കും.
കളമശ്ശേരിയിലെ എച്ച്എംടി.യുടെ സ്ഥലത്തായിരിക്കും ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുക. 25 ഏക്കർ ഇതിനായി വിനിയോഗിക്കാമെന്നാണ് പ്രാഥമിക ധാരണ. ഹൈക്കോടതി കൂടാതെ ജഡ്ജിമാരുടെ വസതികൾ, അഭിഭാഷകരുടെ ഓഫീസ്, അഡ്വക്കേറ്റ് ജനറലും കോടതിയുമായി ബന്ധപ്പെട്ട മറ്റുദ്യോഗസ്ഥരുടെ ഓഫീസ്, ജുഡീഷ്യൽ അക്കാദമി തുടങ്ങിയ എല്ലാവിധ നിയമസംവിധാനങ്ങളും ഒരു കുടക്കീഴിൽ കൊണ്ടുവരികയാണ് ലക്ഷ്യം.
ചീഫ് ജസ്റ്റിസ് ഉൾപ്പെടെയുള്ളവർ സ്ഥലം സന്ദർശിച്ച് തൃപ്തി രേഖപ്പെടുത്തി. മുഖ്യമന്ത്രി വൈകാതെ ഇവിടം സന്ദർശിക്കും. ജുഡീഷ്യൽ സിറ്റിക്കുള്ള മാസ്റ്റർപ്ലാൻ തയ്യാറാക്കുന്നുണ്ട്. മുഖ്യമന്ത്രിയുടെ സന്ദർശനത്തിനുശേഷം പ്ലാൻ അന്തിമമാക്കും.
ഹൈക്കോടതി ജുഡീഷ്യൽ സിറ്റിയിലേക്ക് മാറ്റിയാൽ ഹൈക്കോടതിയുടെ സ്ഥാനത്ത് ജില്ലാ കോടതിയടക്കമുള്ള മറ്റുകോടതികൾക്ക് പ്രവർത്തിക്കാൻ സൗകര്യമൊരുക്കിയേക്കും. ജുഡീഷ്യൽ സിറ്റി സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട കാര്യങ്ങൾ മുന്നോട്ടുകൊണ്ടുപോകാൻ പ്രത്യേക സമിതി രൂപീകരിക്കും. ഹൈക്കോടതിയുടെ ഭാഗത്തുനിന്ന് രണ്ട് ജസ്റ്റിസുമാരും സർക്കാരിന്റെ ഭാഗത്തുനിന്ന് ചീഫ് സെക്രട്ടറി, നിയമ, ധന വകുപ്പ് സെക്രട്ടറിമാരും ഉൾപ്പെടുന്നതാണ് സമിതി