മോന്സന് മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പില്‍ ഐജി ലക്ഷ്മണിന്റെ പങ്ക് വ്യക്തമാക്കുന്ന കൂടുതല്‍ തെളിവുകള്‍ പുറത്ത്. പുരാവസ്തുക്കള്‍ വില്ക്കാന് ഐജി ലക്ഷ്മണ് ഇടനില നിന്നതിന്റെ വിവരങ്ങളാണ് പുറത്ത് വരുന്നത്. ആന്ധ്ര സ്വദേശിനിയായ യുവതിയെ ലക്ഷ്മണ് ആണ് മോന്സന് പരിചയപ്പെടുത്തിയത്. പൊലീസ് ക്ലബില്‍ മൂന്നുപേരും കൂടിക്കാഴ്ച നടത്തിയതിനും തെളിവുകളുണ്ട്.
ഇടപാടുകള്‍ വിശദീകരിക്കുന്ന വാട്സാപ്പ് ചാറ്റുകളും, ചിത്രങ്ങളും പുറത്ത് വന്നു. ബൈബിള്‍, ഖുര്‍ ആന്‍, ഗണേശവിഗ്രഹം, രത്നങ്ങള്‍ എന്നിവയാണ് വില്ക്കാന് ശ്രമിച്ചത്. മോന്‍സനോട് പുരാവസ്തുക്കള്‍ എത്തിക്കാന്‍ യുവതി നിര്‍ദ്ദേശിക്കുന്ന ശബ്ദ സന്ദേശവും പുറത്ത്.
അറസ്റ്റിന് തൊട്ടു മുന്‍പ് വരെ മോന്‍സണും ഐജിയും ഒരുമിച്ച് ഉണ്ടായിരുന്നതായി ക്രൈംബ്രാഞ്ച് കണ്ടെത്തി. ആന്ധ്രാ സ്വദേശിനിയെ മോന്സണ് പരിചയപ്പെടുത്തിക്കൊടുത്തത് ഐജിയാണെന്നും ക്രൈംബ്രാഞ്ച് പറയുന്നു.
തട്ടിപ്പിനിരയായവര്‍ക്കെതിരെ പരാതി നല്കാന് പ്രേരിപ്പിച്ചത് ഐജി ലക്ഷ്മണ് ആണ്. പുരാവസ്തുക്കളില്‍ ചിലത് തിരുവനന്തപുരത്ത് എത്തിക്കാന്‍ ആന്ധ്രാ സ്വദേശിനി ആവശ്യപ്പെട്ടു. പിടിയിലാകുന്നതിനു മുന്‍പ് മോന്സണ് എട്ട് പൊലീസുകാരുടെ സംരക്ഷണം നല്കി. ലോക്ക്ഡൗണ്‍ കാലത്ത് മോന്സണ് പറയുന്നവര്‍ക്കെല്ലാം ഐജി യാത്രാ പാസ് നല്കി എന്നും ക്രൈം ബ്രാഞ്ച് പറയുന്നു.
പരാതി അന്വേഷിച്ച സ്പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരുടെ പേരും നമ്പരും ഐജി മോന്‍സണു നല്കി. ഇത് പരാതിക്കാര്‍ക്ക് അയച്ച മോന്സണ് തന്റെ സ്വാധീനം വ്യക്തമാക്കി.
ഓഗസ്റ്റ് അഞ്ചാം തീയതി മോന്സണ് മാവുങ്കലും ഐജിയും ആന്ധ്രാ സ്വദേശിനിയും തിരുവനന്തപുരം പൊലീസ് ക്ലബില്‍ താമസിച്ചിരുന്നു. ഇവിടെ നിന്നാണ് ഡിജിപി അനില്‍ കാന്തിനു മെമെന്റോ നല്‍കാനായി മോന്സണ് മാവുങ്കല്‍ പോയത്. ഇതിനു പിന്നിലും ഐജി ലക്ഷ്മണ് ആയിരുന്നു.
2017 മുതല്‍ ഐജിക്ക് മോന്‍സണുമായി ബന്ധമുണ്ടായിരുന്നു. മോന്സണ് മാവുങ്കലിനെതിരായ കേസ് അന്വേഷിക്കാനുള്ള ഉദ്യോഗസ്ഥനെ നിര്‍ദ്ദേശിച്ചതും ഐജി ആയിരുന്നു. ഇതിന് ഐജി ഔദ്യോഗികമായി കത്ത് നല്കി. മോന്സണ് മാവുങ്കലിന്റെ മകളുടെ മനസമ്മതത്തിന്റെ അന്ന് എട്ട് പൊലീസുകാരെ സുരക്ഷക്കായി ഐജി നിയമിക്കുകയും ചെയ്തു.