കാസര്‍കോട്: രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയോട് അപമര്യാദയായി പെരുമാറിയ സംഭവത്തില്‍ പ്രവാസി കോണ്‍ഗ്രസ് ജില്ല പ്രസിഡന്റ് പത്മരാജന് ഐങ്ങോത്ത്, കാഞ്ഞങ്ങാട് ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി അനില്‍ വാഴുന്നോറടി എന്നിവരെ കോണ്‍ഗ്രസില്‍നിന്ന് സസ്പെന്‍ഡ് ചെയ്തു. പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന കാര്യങ്ങളാണ് ഇരുവരും ചെയ്തെന്ന് ചൂണ്ടിക്കാട്ടി ആറുമാസത്തേക്കാണ് സസ്പെൻഡ് ചെയ്തത്.
പാര്‍ട്ടിയില്‍നിന്നു പുറത്താക്കാതിരിക്കാന്‍ ഇരുവരും ഒരാഴ്ചക്കകം വിശദീകരണം നല്‍കാനും കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന് എം.പി നിര്‍ദേശിച്ചു. ഇരുവര്‍ക്കുമെതിരെ നടപടിയെടുത്തതായി കെ.പി.സി.സി പ്രസിഡന്റ് ഡി.സി.സിയെ അറിയിച്ചു. തിങ്കളാഴ്ച രാത്രിയാണ് രാജ്മോഹന്‍ ഉണ്ണിത്താന് എം.പിയോട് മാവേലി എക്സ്പ്രസില്‍ വെച്ച് അപമര്യാദയായി പെരുമാറിയത്.
കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍നിന്ന് ട്രെയിനില്‍ കയറിയ പ്രവാസി കോണ്‍ഗ്രസ് നേതാവും സംഘവും എം.പിയെ അസഭ്യം പറയുകയും ആക്രമിക്കാന്‍ തയാറെടുക്കുകയുമായിരുന്നു. പാര്‍ലമെന്റ് സമ്മേളനത്തില്‍ പങ്കെടുക്കാൻ ന്യൂഡല്‍ഹിയിലേക്കു പുറപ്പെട്ടതായിരുന്നു എം.പി. സംഭവത്തില്‍ ഇരുവര്‍ക്കുമെതിരെ റെയില്‍വേ പൊലീസ് കേസ് എടുത്തിട്ടുണ്ട്.