സ്വര്‍ണ്ണക്കടത്ത് കേസിലെ രണ്ടാം പ്രതി സ്വപ്ന സുരേഷിന്റെ ജാമ്യ ഹര്‍ജി എന്‍ഐഎ കോടതി തള്ളി. ഹര്‍ജിയിലെ വാദത്തിനിടെ മുഖ്യമന്ത്രിയുടെ ഓഫീസില്‍ സ്വപ്നയ്ക്ക് വലിയ സ്വാധീനമുണ്ടായിരുന്നുവെന്ന് എന്‍ഐഎ വെളിപ്പടുത്തിയിരുന്നു. മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കറുമായി വലിയ അടുപ്പമാണ് സ്വപ്നക്ക് ഉണ്ടായിരുന്നതെന്നും മുഖ്യമന്ത്രിയുമായും പരിചയം ഉണ്ടായിരുന്നുവെന്നും സ്വപ്നയുടെ മൊഴി അടിസ്ഥാനമാക്കി എന്‍ഐഎ വാദിച്ചു. ഈ സാഹചര്യത്തില്‍ സ്വപ്നയെ ജാമ്യത്തില്‍ വിടരുതെന്ന് എന്‍ഐഎ വാദിച്ചു. അതേസമയം, കള്ളക്കടത്ത് കേസില്‍ കസ്റ്റംസ് നിയമങ്ങള്‍ മാത്രമേ ബാധകമാകൂ എന്നും യുഎപിഎ വകുപ്പുകള്‍ നിലനില്‍ക്കില്ല എന്നുമാണ് സ്വപ്നയുടെ അഭിഭാഷകന് വാദിച്ചത്. കേസ് ഡയറിയുടെയും തെളിവുകളുടെയും അടിസ്ഥാനത്തില്‍ എന്‍ഐഎ അന്വേഷണ സംഘത്തിന്റെ വാദം അംഗീകരിച്ചാണ് കോടതി ജാമ്യാപേക്ഷ തള്ളിയത്. ഇതോടെ കേസില്‍ യുഎപിഎ നിലനില്ക്കും.