രഹസ്യമൊഴി പിന്‍വലിക്കാന്‍ ഷാജ് കിരണ്‍ ഭീഷണിയും സമ്മര്‍ദ്ദവും ചെലുത്തിയെന്ന് ആരോപിക്കുന്ന ശബ്ദരേഖ സ്വപ്ന സുരേഷ് ഇന്ന് പുറത്തുവിട്ടേക്കും. മുഖ്യമന്ത്രിക്ക് വേണ്ടിയാണ് ഇടനിലക്കാരനായി ഷാജ് കിരണ്‍ ഭീഷണിപ്പെടുത്തിയതെന്നാണ് സ്വപ്നയുടെ ആരോപണം. എന്നാല്‍ മുഖ്യമന്ത്രി പരിചയമില്ലെന്നും സുഹൃത്തെന്ന നിലയിലാണ് സ്വപ്നയെ കണ്ടതെന്നുമാണ് ഷാജിന്റെ മറുപടി. അതേസമയം ഗൂഢാലോചന ആരോപിച്ച് പൊലീസ് എടുത്ത എഫ്ഐആര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് സ്വപ്ന ഇന്ന് ഹൈക്കോടതിയെ സമീപിക്കാനും സാധ്യതയുണ്ട്.
മുഖ്യമന്ത്രിയുടെയും കോടിയേരി ബാലകൃഷ്ണന്റെയും കാര്യങ്ങളടക്കം ഷാജ് കിരണ്‍ പറയുന്നതിന്റെ ശബ്ദരേഖ ഇന്നു പുറത്തുവിടുമെന്നു സ്വപ്നയുടെ അഭിഭാഷകന് ആര് കൃഷ്ണരാജ് അറിയിച്ചിരുന്നു. സ്വപ്നയുമായി സംസാരിച്ച്, നിയമവശങ്ങള്‍ നോക്കിയാകും ഇതു ചെയ്യുകയെന്നും വ്യക്തമാക്കി. തന്റെ രഹസ്യമൊഴി പിന്‍വലിപ്പിക്കാനാണു ഷാജ് കിരണ്‍ എത്തിയതെന്നും, വിജിലന്‍സ് ഡയറക്ടര്‍ എം.ആര്. അജിത് കുമാറും ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയും ഷാജിന്റെ വാട്സാപ്പിലൂടെ 56 തവണ വിളിച്ചെന്നുമാണ് സ്വപ്നയുടെ ആരോപണം.
തന്റെ ഫോണ്‍ മുഖ്യമന്ത്രിയുടെ നാവും ശബ്ദവുമായ നികേഷ്കുമാറിനു കൈമാറണമെന്ന് ആവശ്യപ്പെട്ട് ഷാജ് കിരണും സുഹൃത്ത് ഇബ്രാഹിമും ഭീഷണിപ്പെടുത്തുമ്പോഴാണ് എഡിജിപി അജിത്കുമാര്‍ ഷാജിന്റെ വാട്സാപ്പില്‍ വിളിച്ചത്. തന്നോടു വിലപേശാനും ഒത്തുതീര്‍പ്പുണ്ടാക്കാനുമാണ് ഷാജ് കിരണും ഇബ്രാഹിമും വന്നത്. ‘ഞാന്‍ ഇതിന്റെ മീഡിയേറ്ററാണ്. ഒന്നാം നമ്പറിനെ കാണാന്‍ പോകുകയാണ്. ഒന്നാം നമ്പര്‍ വളരെ ദേഷ്യത്തിലാണ്’ എന്നു ഷാജ് കിരണ്‍ പറഞ്ഞതായും സ്വപ്ന ആരോപിക്കുന്നു.