ന്യൂഡല്‍ഹി: കടല്‍കൊല കേസില്‍ ഇറ്റലി ഇന്ത്യക്കു കൈമാറിയ പത്തുകോടി രൂപ ബാങ്കില്‍ സ്ഥിരനിക്ഷേപമക്കുന്നതിനെ കുറിച്ച് അഭിപ്രായം തേടി രജിസ്ട്രി. നഷ്ടപരിഹാര തുക കെട്ടിവച്ചതിന്റെ രേഖകള്‍ കണ്ട് ബോധ്യമായതിനു ശേഷം മാത്രമേ കേസിന്റെ തുടര്‍ നടപടികള്‍ നിര്ത്തിവയ്ക്കുകയുള്ളുവെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു. ഇതിനെതുടര്‍ന്ന് ഇറ്റലി പത്ത് കോടി രൂപ കേന്ദ്ര സര്‍ക്കാരിന് കൈമാറിയിരുന്നു. ഇറ്റലി തുക കെട്ടിവച്ചതിന്റെ രേഖകള്‍ സമര്‍പ്പിച്ച സ്ഥിതിക്ക് കേസിലെ നടപടികള്‍ അവസാനിപ്പിക്കണമെന്ന കേന്ദ്ര സര്‍ക്കാര്‍ അപേക്ഷയില്‍ കോടതി നാളെ തീരുമാനിക്കും.
ഇറ്റലി കൈമാറിയ തുക ഏപ്രില്‍ 26ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയുടെ യൂക്കോ ബാങ്ക് അക്കൗണ്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തിരുന്നു. എന്നാല്‍ ഈ തുക പലിശരഹിത നിക്ഷേപമായി അക്കൗണ്ടില്‍ നിക്ഷേപിച്ചിരിക്കുന്നതിനാല്‍ അത് സ്ഥിരപലിശ നിക്ഷേപം ആക്കുന്നതിന്മേലുള്ള ബഞ്ചിന്റെ അഭിപ്രായമാണ് ഇപ്പോള്‍ രജിസ്ട്രി തേടിയിരിക്കുന്നത്. രജിസ്ട്രിയുടെ ഈ ആവശ്യം ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, എം ആര് ഷാ എന്നിവര്‍ അടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കും.
ഇറ്റാലിയന്‍ നാവികരുടെ വെടിയേറ്റ് മരിച്ച ജലസ്റ്റിന്‍, അജേഷ് പിങ്കി എന്നിവരുടെ കുടുംബങ്ങള്‍ക്ക് നാല് കോടി രൂപ വീതമാണ് നഷ്ടപരിഹാരം ലഭിക്കുക. സെയിന്റ് ആന്റണീസ് ബോട്ട് ഉടമ ഫ്രഡിക്ക് രണ്ട് കോടി രൂപയും നഷ്ടപരിഹാരമായി ലഭിക്കും.