കൊച്ചി: ഡോളര്‍ കടത്തു കേസില്‍ കസ്റ്റംസ് സംഘം സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്റെ പ്രാഥമിക മൊഴിയെടുത്തു. ഇന്നലെ ശ്രീരാമകൃഷ്ണന്റെ വീട്ടിലെത്തിയാണ് മൊഴി രേഖപ്പെടുത്തിയതെന്നാണ് സൂചന. അസുഖ ബാധിതനായി യാത്ര ചെയ്യാന്‍ പറ്റാത്ത സാഹചര്യത്തിലാണ് തന്നെന്ന സ്പീക്കറുടെ കത്ത് മുഖവിലയ്ക്ക് എടുത്താണ് കസ്റ്റംസ് സ്പീക്കറുടെ വസതിയിലെത്തി ചോദ്യം ചെയ്തത്. സ്പീക്കറെ കസ്റ്റംസ് സംഘം നാളെ വിശദമായി ചോദ്യം ചെയ്യും. ഇതിനായുള്ള നോട്ടിസ് സംഘം നല്കി.
ഡോളര്‍ കടത്ത് കേസില്‍ സ്വപ്ന സുരേഷ് നല്കിയ രഹസ്യമൊഴിയെ തുടര്‍ന്നാണ് സ്പീക്കര്‍ പി ശ്രീരാമകൃഷ്ണനെ ചോദ്യം ചെയ്യുന്നത്. കോണ്‍സുല്‍ ജനറലും ശ്രീരാമകൃഷ്ണനുമടക്കം വിദേശത്തേക്ക് ഡോളര്‍ കടത്തിയെന്നാണ് സ്വപ്നയുടെ മൊഴി.
നേരത്തെ രണ്ടു തവണ ഹാജരാകാനാവശ്യപ്പെട്ട് സ്പീക്കര്‍ക്ക് കസ്റ്റംസ് നോട്ടിസ് നല്‍കിയിരുന്നു. കഴിഞ്ഞ എട്ടിന് ഹാജരാകാനായിരുന്നു നോട്ടീസ്. എന്നാല്‍ അസുഖബാധിതനായതിനാല്‍ നേരിട്ടെത്താന്‍ കഴിയില്ലെന്ന് അറിയിക്കുകയായിരുന്നു. ഇതോടെ ഇന്നലെ നാലംഗ കസ്റ്റംസ് സംഘം സ്പീക്കറെ കണ്ട് ചോദ്യം ചെയ്യുകയായിരുന്നു. കേസില്‍ ഇനി മെല്ലെപ്പോക്ക് വേണ്ട എന്നാണ് കസ്റ്റംസ് നിലപാട്. ഇന്നലെ നടന്നത് പ്രാഥമിക ചോദ്യം ചെയ്യല്‍ മാത്രമാണെന്നും വിശദമായത് നാളെ നടക്കുമെന്നും പറഞ്ഞാണ് ഉദ്യോഗസ്ഥര്‍ മടങ്ങിയത്.