പുന്നപ്രയിൽ മാതാവിന്റെ ആൺ സുഹൃത്തിനെ മകൻ കൊലപ്പെടുത്തി. പുന്നപ്ര സ്വദേശി ദിനേശ(54)നാണ് കൊല്ലപ്പെട്ടത്. വീട്ടിൽ വൈദ്യുതാഘാതം ഏൽക്കാൻ കെണിയൊരുക്കിയായിരുന്നു കൊലപാതകം. മരിച്ച ശേഷം പാടത്ത് കൊണ്ടുപോയി മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. സംഭവത്തിൽ പുന്നപ്ര സ്വദേശികളായ അച്ഛനും അമ്മയും മകനും പിടിയിൽ.
കഴിഞ്ഞ ദിവസമായിരുന്നു ദിനേശന്റെ മൃതദേഹം പാടത്ത് കണ്ടെത്തിയത്. ഷോക്കേറ്റ് മരിച്ചതെന്നായിരുന്നു പോസ്റ്റുമോർട്ടം റിപ്പോർട്ട്. പോസ്റ്റുമോർട്ടത്തിലാണ് മരണത്തിൽ ചില സംശയങ്ങൾ ഉയരുന്നത്. തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് കൊലപാതകത്തിന്റെ ചുരുൾ അഴിയുന്നത്.
28കാരനായ കിരൺ ആണ് കൃത്യം നടത്തിയത്. മാതാവിന് ആൺസുഹൃത്തുമായി അടുപ്പമുണ്ടായിരുന്നു. ഇതുമായി ബന്ധപ്പെട്ട് വീട്ടിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നു. രണ്ട് ദിവസം മുൻപാണ് ദിനേശൻ വീട്ടിലെത്തുന്ന സമയത്ത് വൈദ്യുതാഘേതമേൽപ്പിക്കാൻ കെണിയൊരുക്കിയത്. വീട്ടിലെത്തിയ ദിനേശൻ വൈദ്യുതാഘാതമേൽക്കുകയായിരുന്നു. പിന്നീട് മരണം ഉറപ്പിക്കാനായി വീണ്ടും വൈദ്യുതാഘാതമേൽപ്പിച്ചു. കിരൺ ഇലക്ട്രീഷ്യൻ കൂടിയായിരുന്നു.
തുടർന്ന് പിതാവുമായി ചേർന്ന് കിരൺ പാടശേഖരത്ത് മൃതദേഹം ഉപേക്ഷിക്കുകയായിരുന്നു. പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഷോക്കേറ്റ് മരണമെന്നായിരുന്നു. എന്നാൽ മൃതദേഹം കിടന്ന സ്ഥലത്ത് ഷോക്കേൽക്കാനുള്ള സാഹചര്യം ഇല്ലായിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് കിരണും പിതാവും അമ്മയും പിടിയിലായത്. പിതാവിന് കൊലപാതക വിവരം അറിയാമായിരുന്നു. മൃതദേഹം ഉപേക്ഷിക്കാൻ ബാഹ്യഇടപെടൽ ഉണ്ടായോ എന്ന് പൊലീസ് അന്വേഷണം നടത്തും.