ട്രെക്കിങിന് പോയി മലമ്പുഴ ചെറാട് കൂര്‍മ്പാച്ചി മലയില്‍ കുടുങ്ങിയ പാലക്കാട് സ്വദേശി ബാബുവിനെതിരെ വനം വകുപ്പ് കേസെടുക്കും. വനമേഖലയില്‍ അനുമതിയില്ലാതെ വനത്തില്‍ കയറിയതിനാണ് കേസെടുക്കുകയെന്നാണ് വനം വകുപ്പിന്റെ വിശദീകരണം. മലയിലേക്ക് ആളുകള്‍ കയറാതിരിക്കാന്‍ വാച്ചര്‍മാരെ ഏര്‍പ്പെടുത്തും. അനുമതി വാങ്ങാതെ മലകയറുന്നതിനെതിരെ കര്‍ശന നടപടിയുണ്ടാകുമെന്ന് വനംവകുപ്പ് വ്യക്തമാക്കി.
സംസ്ഥാന വനം വകുപ്പ് നിയമം സെക്ഷന്‍ 27 പ്രകാരമാണ് കേസെടുക്കുക. ഒരു വര്‍ഷം വരെ തടവോ പിഴയോ ലഭിക്കാവുന്ന കുറ്റമാണിത്. കേസെടുക്കുന്നതിന് മുന്നോടിയായി വാളയാര്‍ സെക്ഷന്‍ ഓഫീസര്‍ ബാബുവിനെ കണ്ട് മൊഴിയെടുക്കും. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ക്ക് എതിരെ കേസെടുക്കുന്നത് ബാബുവിന്റെ മൊഴിയെടുത്ത ശേഷം തീരുമാനിക്കുമെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
പാലക്കാട് ജില്ലാ ആശുപത്രി ഐസിയുവിലാണ് ബാബുവുള്ളത്. ഇന്ന് വാര്‍ഡിലേക്ക് മാറ്റുമെന്ന് ഡോക്ടര്‍മാരുടെ സംഘം അറിയിച്ചു. ബാബുവിന്റെ ആരോഗ്യനില തൃപ്തികരമാണ്. 48 മണിക്കൂര്‍ നീണ്ട രക്ഷാപ്രവര്‍ത്തനത്തിനൊടുവില്‍ ഇന്നലെ ഉച്ചയോടെയാണ് ബാബുവിനെ ആശുപത്രിയിലെത്തിച്ചത്.