പെരുമ്പള ബേനൂരില്‍ മരിച്ച അഞ്ജുശ്രീയുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെത്തിയതോടെ കൂടുതല്‍ അന്വേഷണവുമായി പൊലീസ്. അഞ്ജുശ്രീയുടെ കൂടെ ഭക്ഷണം കഴിച്ചവരില്‍ ചിലര്‍ക്ക് അസ്വസ്ഥത ഉണ്ടായതിന്റെ കാരണമാണ് പ്രധാനമായും അന്വേഷിക്കുന്നത്. മരണത്തിലെ ദുരൂഹത നീക്കണമെന്ന് ആവശ്യപ്പെട്ട് ബന്ധുക്കള്‍ രംഗത്തെത്തിയിരുന്നു. കൂടുതല്‍ പേരുടെ മൊഴി ഇന്ന് രേഖപ്പെടുത്തും. അതേസമയം ആന്തരിക അവയവങ്ങളുടെ പരിശോധനാ ഫലം കാത്തിരിക്കുകയാണ് അന്വേഷണ സംഘം. അടുത്ത ദിവസങ്ങളില്‍ തന്നെ രാസ പരിശോധനാ ഫലം ലഭിക്കുമെന്നാണ് പ്രതീക്ഷ.
ശനിയാഴ്ച രാവിലെയാണ് കാസര്‍കോട് പെരുമ്പള ബേനൂരില്‍ കോളജ് വിദ്യാര്‍ത്ഥിനിയായ കെ അഞ്ജുശ്രീ പാര്‍വതി എന്ന 19 വയസുകാരി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ മരിച്ചത്. ഹോട്ടലില്‍നിന്ന് ഡിസംബര്‍ 31 നു ഓണ്‍ലൈനായി വാങ്ങിയ ചിക്കന്‍ വിഭവങ്ങളും മയോണൈസും കഴിച്ച ശേഷമായിരുന്നു അഞ്ജുശ്രീ രോഗബാധിത ആയതെന്ന് ബന്ധുക്കള്‍ രാവിലെ ഒന്‍പതു മണിയോടെ പൊലീസില്‍ പരാതി നല്കി. കാസര്‍കോട് ജില്ലാ ക്ഷ്യസുരക്ഷാ അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് ഹോട്ടല്‍ ഭക്ഷണത്തിന്റെ ബില്‍ വാട്ട്സാപില്‍ അയച്ചു നല്‍കുകയും ചെയ്തു. പിന്നാലെ ജനപ്രതിനിധികളും ഡിഎംഒയും കുടുംബത്തിന്റെ സംശയം ശരിവെച്ചു. തുടര്ന്ന്ഭക്ഷ്യസുരക്ഷാ വകുപ്പ് ഹോട്ടല്‍ അടപ്പിച്ചു. ശേഷമാണ് മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജിലേക്ക്അയച്ചത്.
പ്രാഥമിക പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിന്റെ ഉള്ളടക്കം പുറത്തുവന്നതോടെ അതുവരെയുള്ള ധാരണകള്‍ എല്ലാം തെറ്റി. അഞ്ജുശ്രീയുടെ മരണം ഭക്ഷ്യവിഷബാധയേറ്റല്ലെന്നും വിഷാംശം ഉള്ളില്‍ ചെന്നാണെന്നുമുളള പ്രാഥമിക പരിശോധന റിപ്പോര്‍ട്ട് പുറത്തുവന്നതോടെയാണ് ആത്മഹത്യയാണെന്ന സൂചന ലഭിച്ചത്. മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. പെണ്‍കുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും പോസ്റ്റുമോര്‍ട്ടം നടന്ന പരിയാരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും രണ്ട് മെഡിക്കല്‍ കോളേജില്‍ നിന്നും വിവരങ്ങള്‍ ശേഖരിച്ച ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും സമര്‍പ്പിച്ച പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങള്‍ ഉള്ളത്. അഞ്ജുശ്രീയുടെ മൊബൈല്‍ ഫോണ്‍ അടക്കം പൊലീസ് പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നു.
കരള്‍ ഉള്‍പ്പടെ ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് മരണത്തിന് കാരണമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. ഭക്ഷണത്തില്‍ നിന്നുള്ള വിഷമല്ലെന്നായിരുന്നു ഫോറന്‍സിക് സര്‍ജന്റെ വിലയിരുത്തലും. കൂടുതല്‍ പരിശോധനയ്ക്കായി ആന്തരികാവയവങ്ങള്‍ രാസപരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇതിന്റെ ഫലം കൂടി ലഭിച്ചാല്‍ മരണത്തിന് പിന്നിലെ കൂടുതല്‍ കാര്യങ്ങള്‍ വ്യക്തമാകും. അഞ്ജുശ്രീക്കൊപ്പം ഭക്ഷണം കഴിച്ച മറ്റ് കുടുംബാംഗങ്ങള്‍ക്ക് ദേഹാസ്വസ്ഥ്യമുണ്ടായ കാര്യത്തിലും അന്വേഷണം പുരോഗമിക്കുകയാണ്.
പൊലീസ് വീട്ടില്‍ നടത്തിയ പരിശോധനയില്‍ അഞ്ജുശ്രീയുടെ ആത്മഹത്യാ കുറിപ്പ് പൊലീസ് കണ്ടെത്തിയതും. മാനസിക സമ്മര്‍ദ്ദം മൂലം മരിക്കുന്നുവെന്ന് കുറിപ്പിലുണ്ട്. വിഷം ഉപയോഗിക്കുന്നതിന്റെ വിവരങ്ങള്‍ മൊബൈല്‍ ഫോണ്‍ ഫോണില്‍ സെര്‍ച്ച് ചെയ്തതായും കണ്ടെത്തി.അഞ്ജുശ്രീയുടേത് ആത്മഹത്യയെങ്കില്‍ കുടുംബത്തിലെ ചിലര്‍ക്ക് എങ്ങനെ അസ്വസ്ഥതയുണ്ടായെന്നാണ് സംശയം.