തൃശൂര്‍: കരുവന്നൂര്‍ ബാങ്ക് തട്ടിപ്പ് കേസില്‍ ഒന്നാംപ്രതി ടി.ആര്. സുനില്‍ കുമാര്‍ പിടിയില്‍. തൃശൂരില്‍ നിന്ന് തിങ്കളാഴ്ച വൈകുന്നേരമാണ് ഇയാളെ ക്രൈം ബ്രാഞ്ച് പിടികൂടിയത്. സുനില്‍ കുമാര്‍ മുമ്പ് കരുവന്നൂര്‍ ബാങ്ക് സെക്രട്ടറിയായിരുന്നു. പ്രതിയെ ചൊവ്വാഴ്ച ഇരിങ്ങാലക്കുട കോടതിയില്‍ ഹാജരാക്കും.
സിപിഎം ലോക്കല്‍ കമ്മിറ്റിയംഗവും പ്രാദേശിക നേതാവുമായിരുന്നു സുനില്‍ കുമാര്‍. സാമ്പത്തിക തട്ടിപ്പ് കേസിലെ വിവരങ്ങള്‍ പുറത്തെത്തിയതോടെ സുനില്‍ കുമാര്‍ ഉള്‍പ്പെടെയുള്ള പ്രതികള്‍ ഒളിവില്‍ പോവുകയായിരുന്നു. തട്ടിപ്പ് കേസ് പുറത്തുവന്നതിന് പിന്നാലെ പ്രതികളെ പിടികൂടാത്തതിനെതിരെ വ്യാപകമായ ആക്ഷേപം ഉയര്‍ന്നിരുന്നു. പ്രതികളെ പാര്‍ട്ടി നേതാക്കള്‍ സംരക്ഷിക്കുകയാണ് എന്ന തരത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളും വിമര്‍ശിച്ചിരുന്നു.
ബാങ്ക് മുന്‍ സെക്രട്ടറി സുനില്‍കുമാര്‍ (58), മുന്‍ ബ്രാഞ്ച് മാനേജര്‍ എം.കെ. ബിജു കരീം (45), മുന്‍ സീനിയര്‍ അക്കൗണ്ടന്റ് ജില്‍സ് (43), ബാങ്ക് അംഗം കിരണ്‍ (31), ബാങ്കിന്റെ മുന്‍ റബ്കോ കമ്മീഷന് ഏജന്റ് ബിജോയ് (47), ബാങ്ക് സൂപ്പര്‍മാര്‍ക്കറ്റ് മുന്‍ അക്കൗണ്ടന്റ് റെജി അനില്‍ (43) എന്നിവരാണ് കേസിലെ മറ്റ് ആറ് പ്രതികള്‍. കേസില്‍ പ്രതികള്‍ക്കെതിരെ ക്രൈം ബ്രാഞ്ച് ലുക്കൗട്ട് നോട്ടിസ് ഇറക്കിയിരുന്നു.
കേസില്‍ ജൂലൈ 17നാണ് ഇരിങ്ങാലക്കുട പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്. 100 കോടിയുടെ തട്ടിപ്പും 300 കോടി രൂപയുടെ ക്രമക്കേടുമാണ് കരുവന്നൂര്‍ ബാങ്കിലെ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയത്. ബാങ്ക് ഇടപാടുകാരുടെ ആധാരം അടക്കം അവരറിയാതെ വീണ്ടും പണയപ്പെടുത്തി പ്രതികള്‍ കോടികള്‍ തട്ടിയെടുത്തു എന്നാണ് കേസ്. സംഭവം വിവാദമായതോടെ സര്‍ക്കാര്‍ അന്വേഷണച്ചുമതല ക്രൈംബ്രാഞ്ചിന് കൈമാറുകയായിരുന്നു. വായ്പ തട്ടിപ്പില്‍ ഇഡിയും കേസെടുത്തിട്ടുണ്ട്.