കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് കോടിയേരിയുടെ ജാമ്യാപേക്ഷ കര്‍ണാടക ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. അഞ്ച് കോടിയിലധികം രൂപയുടെ ഉറവിടം വ്യക്തമാക്കാന്‍ കഴിഞ്ഞ തവണ കോടതി ആവശ്യപ്പെട്ടിരുന്നു. ബിനീഷിന്റെ അഭിഭാഷകന് ഇതു സംബന്ധിച്ച വിശദീകരണം സമര്‍പ്പിച്ചതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇന്ന് നടക്കുക.
കേസില്‍ ബിനീഷിന് ഇടക്കാല ജാമ്യം അനുവദിക്കണമെന്ന ആവശ്യം കഴിഞ്ഞ ജൂണ്‍ രണ്ടിന് കേസ് പരിഗണിച്ചപ്പോഴും കോടതി അംഗീകരിച്ചിരുന്നില്ല. പതിവായി ഇഡിക്ക് വേണ്ടി ഹാജരാകുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ എസ്വി രാജുവിന് കൊവിഡ് ബാധിച്ചതിനാല്‍ ഇദ്ദേഹം കഴിഞ്ഞ തവണ ഹാജരായിരുന്നില്ല.
എന്നാല്‍ ബിനീഷിന്റെ അക്കൗണ്ടിലേക്കെത്തിയ അഞ്ച് കോടിയിലധികം രൂപ സംബന്ധിച്ച രേഖകള്‍ അഭിഭാഷകന് കോടതിയില്‍ സമര്‍പ്പിച്ചു. ഇതില്‍ ഇഡിയുടെ മറുപടി വാദമാണ് ഇനി നടക്കേണ്ടത്. ബിനീഷിന്റെ ഇടക്കാല ജാമ്യാപേക്ഷയെയും ഇഡി കോടതിയില്‍ എതിര്‍ക്കും. കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ബിനീഷ് അറസ്റ്റിലായിട്ട് ഇന്നേക്ക് 231 ദിവസം പിന്നിട്ടു.