കാസര്‍ഗോഡ് തലക്ലായിലെ അഞ്ജുശ്രീയുടെ മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. അഞ്ജുശ്രീ ജനുവരി 5ന് നടത്തിയ പരിശോധനയില്‍ രക്തത്തില്‍ വിഷാംശത്തിന്റെ സാന്നിധ്യമില്ലെന്നാണ് കണ്ടെത്തല്‍. അഞ്ജുശ്രീ പരിശോധന നടത്തിയത് പ്രാഥമിക ചികിത്സ തേടിയ ദേളിയിലെ സ്വകാര്യ ആശുപത്രിയിലെ ലാബിലായിരുന്നു. തുടര്‍ന്ന് ഈ മാസം 7 നാണ് അഞ്ജുശ്രീയുടെ ആരോഗ്യനില ഗുരതരമായി മരണം സംഭവിച്ചത്.
അജ്ഞുശ്രീ യുടെ മരണത്തിലെ ദുരൂഹത അകറ്റണമെന്ന് കുടുംബം. ഭക്ഷണം കഴിച്ച ശേഷം അഞ്ജുശ്രീ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടുവെന്ന് പെണ്‍കുട്ടിയുടെ ഇളയച്ഛന് കരുണാകരന് പറഞ്ഞു. ഇതില്‍ രണ്ടുപേര്‍ ചികിത്സ നേടിയിട്ടുണ്ട്. ഭക്ഷ്യ വിഷബാധ അല്ലെങ്കില്‍ മരണത്തിന് മറ്റ് കാരണങ്ങള്‍ എന്തെന്ന് കണ്ടെത്തണമെന്നും ഇവര്‍ ആവശ്യപ്പെട്ടു.
അപ്രതീക്ഷിത വഴിത്തിരിവായി, പെണ്‍കുട്ടിയുടെ മരണകാരണം ഭക്ഷ്യവിഷബാധയല്ലെന്ന് വ്യക്തമാക്കുന്ന റിപ്പോര്‍ട്ട് ഇന്നലെ പുറത്തു വന്നിരുന്നു. മരണകാരണം കണ്ടെത്താന്‍ കൂടുതല്‍ പരിശോധനകള്‍ ആവശ്യമാണെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. പെണ്‍കുട്ടിയെ ചികിത്സിച്ച മംഗലാപുരം മെഡിക്കല്‍ കോളേജിലെ ഡോക്ടര്‍മാരും പോസ്റ്റ്മോര്‍ട്ടം നടന്ന പരിയാരം മെഡിക്കല്‍ കോളേജില ഡോക്ടര്‍മാരും രണ്ട് മെഡിക്കല്‍ കോളേജില്‍ നിന്നുമുള്ള വിവരങ്ങള്‍ ശേഖരിച്ച കാസര്‍കോട്ടെ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥരും ഭക്ഷ്യസുരക്ഷാ കമ്മീഷണര്‍ക്ക് നല്കിയ പ്രാഥമിക റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനം തകരാറിലായതാണ് അഞ്ജുശ്രീയുടെ മരണത്തിന് കാരണമായതെന്നാണ് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്. വിഷം ഉള്ളിലെത്തിയാണ് മരണം സംഭവിച്ചതെന്നും എന്നാല്‍ ഭക്ഷണത്തിലൂടെയല്ലെന്നും റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. ഏത് തരം വിഷമാണ് ഉള്ളില്‍ ചെന്നതെന്ന് തിരിച്ചറിയാന്‍ വിശദമായ രാസപരിശോധനാഫലം ലഭിക്കേണ്ടതായിട്ടുണ്ടെന്നും പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്.
അതേസമയം, അഞ്ജുശ്രീയുടെ മരണത്തില്‍ അന്വേഷണം ഊര്‍ജിതമാക്കിയിരിക്കുകയാണ് പൊലീസ്. മരണം ഭക്ഷ്യവിഷബാധ മൂലമല്ലെന്ന പ്രാഥമിക പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഭക്ഷണത്തില്‍ നിന്നല്ലാതെയുള്ള വിഷം ഉള്ളില്‍ ചെന്നാണ് മരണമെന്നാണ് കണ്ടെത്തല്‍. അന്വേഷണത്തിന്റെ ഭാഗമായി ബന്ധുക്കളില്‍ നിന്ന് പൊലീസ് വീണ്ടും വിവരങ്ങള്‍ ശേഖരിച്ചു. അഞ്ജുശ്രീയുടെ സുഹൃത്തുക്കളുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. രാസ പരിശോധന ഫലത്തിലൂടെ കുടുതല്‍ വ്യക്തത വരുമെന്നാണ് പൊലീസിന്റെ വിലയിരുത്തല്‍.
കാസര്‍ഗോട്ടെ ഹോട്ടലില്‍ നിന്ന് കുഴിമന്തി കഴിച്ചതിന് പിന്നാലെയായിരുന്നു അഞ്ജുശ്രീയുടെ മരണം. തുടര്‍ന്ന് ഭക്ഷ്യവിഷബാധയാണെന്ന നിഗമനത്തിലായിരുന്നു പൊലീസ്. എന്നാല്‍ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നതോടെയാണ് ഭക്ഷ്യവിഷബാധയല്ല, മറിച്ച് മറ്റൊരു വിഷാംശമാണ് അഞ്ജുശ്രീയുടെ കരള്‍ ഉള്‍പ്പെടെ പ്രവര്‍ത്തന രഹിതമാകാന്‍ കാരണമെന്നും മരണത്തിലേക്ക് നയിച്ചതെന്നും മനസിലാക്കുന്നത്.