പാലോട് ഭർതൃഗൃഹത്തിൽ നവവധുവിനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ ഭർത്താവിന്റെ സുഹൃത്തും കസ്റ്റഡിയിൽ.അഭിജിത്തും അജാസും തമ്മിൽ അടുത്തബന്ധമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. മാത്രമല്ല അജാസ് ഇന്ദുജയെ മർദ്ദിച്ചെന്നാണ് അഭിജിത്തിന്റെ മൊഴി. ഇരുവരെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്തുവരികയാണ്.
ഇന്ദുജ മരിക്കുന്നതിന് 3 ദിവസങ്ങൾക്ക് മുമ്പ് കാറിൽ വെച്ചാണ് മർദ്ദനം നടന്നത്. അജാസിന്റെ ഫോണുകൾ പിടിച്ചെടുത്തിട്ടുണ്ട് അതിൽ ഇന്ദുജയുമായുള്ള ചാറ്റുകൾ ഉള്ളതായി സൂചനയുണ്ട്. അജാസിന് ഇന്ദുജയുമായി ബന്ധമുണ്ടായിരുന്നത് അഭിജിത്തിന് അറിയാമായിരുന്നു. ഇന്ദുജയുടെ മൊബൈൽ ഫോൺ ഫോർമാറ്റ് ചെയ്യപ്പെട്ട രീതിയിലാണ് ഉള്ളത്. കാര്യമായ വിവരങ്ങൾ ഒന്നും ഫോണിൽ ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. അജാസിന്റെയും ഫോൺ പൊലിസ് പിടിച്ചെടുത്തിട്ടുണ്ട്. കസ്റ്റഡിയില്‍ എടുത്തപ്പോള്‍ അജാസും അഭിജിത്തും വാട്സ് ആപ് ചാറ്റുകളെല്ലാം ഡിലീറ്റ് ചെയ്തശേഷമാണ് എത്തിയത്.
അതേസമയം, കസ്റ്റഡിയിലെടുത്ത അജാസും അഭിജിത്തും നൽകുന്ന മൊഴികളിൽ പൊരുത്തക്കേടുകളുണ്ട് ഇരുവരും നല്‍കുന്നത് അന്വേഷണസംഘത്തെ വഴിതെറ്റിക്കുന്ന മൊഴികളാണ്. ഇതിന്റെ അടിസ്ഥാനത്തിൽ ഇരുവരും ചേർന്ന് ഇന്ദുജയെ ഒഴിവാക്കാൻ ശ്രമം നടത്തിയതായി സംശയമുണ്ട്. ഇരുവരുടെയും വിവാഹം നിയമപരമായി രജിസ്റ്റർ ചെയ്യാത്തത് പരിശോധിക്കുമെന്നും വീട്ടുകാരുടെ മൊഴി വീണ്ടും പൊലീസ് രേഖപ്പെടുത്തും .
ഇന്ദുജയുടെ ദേഹത്ത് എങ്ങനെ മർദ്ദനമേറ്റ പാടുകൾ ഉണ്ടായി എന്നതിനെ കേന്ദ്രീകരിച്ചാണ് പൊലീസ് അന്വേഷണം നടക്കുന്നത്.മരണം ആത്മഹത്യ തന്നെയാണെന്ന സ്ഥിരീകരണത്തിലാണ് പൊലീസ്.