തിരുവനന്തപുരം: പൂവാറിലെ കാരക്കാട്ടെ റിസോര്‍ട്ടില്‍ നടന്ന ലഹരി പാര്‍ട്ടിക്ക് പിന്നില്‍ വമ്പന്‍ റാക്കാറ്റെന്ന് വ്യക്തമായതോടെ കേസില്‍ ജാമ്യം നല്കി വിട്ടയച്ചവരെ തിരികെ വിളിച്ചുവരുത്താന്‍ അന്വേഷണ സംഘം. തിരുവനന്തപുരം അസിസ്റ്റന്റ് എക്സൈസ് കമ്മീഷണര്‍ എസ് വിനോദ് കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം. കൂടുതല്‍ വിശദാംശങ്ങള്‍ ചോദിച്ചറിയുന്നതിനായിട്ടാണ് ഇവരെ തിരികെ വിളിച്ചിരിക്കുന്നത്. കേസിലെ അന്തര്‍ സംസ്ഥാന ബന്ധങ്ങളില്‍ ഉള്‍പ്പെടെ വിശദമായ അന്വേഷണം നടത്താനാണ് എക്സൈസിന്റെ തീരുമാനം.
ലഹരി പാര്‍ട്ടി സംഘടിപ്പിച്ചതില്‍ പ്രധാന വഹിച്ചവരും കേസില്‍ നേരത്തെ റിമാന്ഡിലായവരുമായ അക്ഷയ് മോഹന്‍, അതുല്‍, പീറ്റര്‍ ഷാന്‍ എന്നിവരെ അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങും.ഇവരെ കസ്റ്റഡിയില്‍ ലഭിച്ചാല്‍ കേസിലെ അന്തര്‍ സംസ്ഥാന ബന്ധങ്ങള്‍ സംബന്ധിച്ച ചുരുള്‍ അഴിക്കാന്‍ സാധിക്കുമെന്ന വിലയിരുത്തലിലാണ് അന്വേഷണ സംഘം നിലവിലുള്ളത്. ഇതിനായി ഉടന്‍ കോടതിയെ സമീപിക്കും.
പുതുവത്സരാഘോഷത്തിന് മുന്നോടിയായാണ് ഇവിടെ ലഹരി പാര്‍ട്ടി നടത്തിയത്. ഇത് വിജയിച്ചിരുന്നെങ്കില്‍ വമ്പന്‍ പാര്ട്ടികളാകുമായിരുന്നു പുതുവര്‍ഷ ആഘോഷത്തിന്റെ ഭാഗമായി തലസ്ഥാനത്ത് അരങ്ങേറിയിരിക്കുക. നിര്‍വാണ മ്യൂസിക്ക് ഫെസ്റ്റിവെലിന്റെ മറവിലായിരുന്നു കാരക്കാട്ടെ റിസോര്‍ട്ടില്‍ പാര്‍ട്ടി സംഘടിപ്പിച്ചത്. ഇവിടെ നടത്തിയ പരിശോധനയില്‍ റിസോര്‍ട്ടിലെ ഹാര്‍ഡ് ഡിസ്ക്കുള്‍പ്പെടെ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇവരുടെ ഫോണ്‍ വിവരങ്ങളും വിദഗ്ദ സംഘം പരിശോധിക്കും.
പെട്ടെന്ന് തിരിച്ചറിയാതിരിക്കാന്‍ സമീപത്തെ പഞ്ചനക്ഷത്ര ഹോട്ടലിന്റെ പേരിലായിരുന്നു ടിക്കറ്റ് വില്‍പ്പന. 3000, 2000, 1000 രൂപക്കാണ് ടിക്കറ്റ് നല്‍കിയത്. ബംഗളൂരുവില്‍നിന്നുള്ള രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു റെയ്ഡ്. പിടിയിലായ 20 പേരില്‍ 17 പേരെയായിരുന്നു ജാമ്യത്തില്‍ വിട്ടയച്ചിരുന്നത്. എക്സൈസ് എന്‍ഫോഴ്സ്മെന്റ് നടത്തിയ പരിശോധയില്‍ സ്ത്രീയും കൊലക്കേസ് പ്രതിയും അടക്കമാണ് പിടിയിലായത്. ഹഷീഷ് ഓയില്‍, എം.ഡി.എം.എ ഗുളികകള്‍, എല്‍.എസ്.ഡി സ്റ്റാമ്പ്, കഞ്ചാവ് തുടങ്ങിയ മാരക ലഹരി വസ്തുക്കളും ഇവരില്‍നിന്ന് പിടിച്ചെടുത്തിരുന്നു.
ലഹരിയുടെ ഉറവിടം, സംഭവത്തില്‍ ആര്‍ക്കൊക്കെ പങ്കുണ്ട് എന്നതാണ് പ്രധാനമായും കണ്ടെത്തേണ്ടത്. ഇവിടെയോ, മറ്റെവിടെങ്കിലുമൊ സംഘം നേരത്തെയും ലഹരി പാര്‍ട്ടികള്‍ നടത്തിയിട്ടുണ്ടോ എന്നും എക്സൈസ് അന്വേഷിക്കും.