ഫാഷന്‍ ഗോള്‍ഡ് നിക്ഷേപതട്ടിപ്പ് കേസില്‍ ജ്വല്ലറി എം.ഡി. പൂക്കോയ തങ്ങളുടെ അറസ്റ്റ് ഉടനുണ്ടാകും. എസ്.പി. ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും പൂക്കോയ തങ്ങള്‍ അതിന് തയ്യാറായിരുന്നില്ല. ജ്വല്ലറി പ്രവര്‍ത്തനം തുടങ്ങി അടച്ചുപൂട്ടുന്നതു വരെയുള്ള 16 വര്‍ഷം കൊണ്ട് കോടികളാണ് ജ്വല്ലറിയിലേക്ക് നിക്ഷേപമായി എത്തിയത്. ഇതില്‍ പയ്യന്നൂര്‍ ശാഖയില്‍നിന്ന് ഡയറക്ടര്‍മാര്‍ ചേര്‍ന്ന് കിലോക്കണക്കിന് സ്വര്‍ണവും വജ്രാഭരണങ്ങളും കടത്തിയതായാണ് സൂചന. നിക്ഷേപകരുടെ പണം ഉപയോഗിച്ച് ബെംഗളൂരുവില്‍ ഭൂമി വാങ്ങിക്കൂട്ടിയെന്നും അതില്‍ ഒരുഭാഗം പിന്നീട് മറിച്ചു വിറ്റെന്നും ആക്ഷേപമുണ്ട്. ഫാഷന്‍ ഗോള്‍ഡിന്റെ എം.ഡി. പൂക്കോയ തങ്ങളും ഒരു മകനും ചേര്‍ന്ന് വ്യാപകമായി സ്വത്തുവകകള്‍ കൈക്കലാക്കിയെന്നും പരാതി ഉയര്‍ന്നിരുന്നു.
അതേസമയം, കമറുദീന് അറസ്റ്റിലായിട്ടും നിക്ഷേപകര്‍ പൊലീസിനെ സമീപിക്കുന്നത് തുടരുകയാണ്. റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 117 ആയി. കേസുമായി ബന്ധപ്പെട്ട ഒരുപിടി ചോദ്യങ്ങളോട് കൃത്യമായി മറുപടി പറയാനാവാത്തതാണ് എം.സി.കമറുദീന്റെ അറസ്റ്റിലേക്ക് നയിച്ചത്. ചെക്ക് നല്കി മടങ്ങിയതും ജി.എസ്.ടി. വെട്ടിപ്പും കൂനിമ്മേല്‍ കുരുവുമായി. അതിനിടെ കമറുദീനെ ചോദ്യംചെയ്യാന്‍ വിളിപ്പിച്ചതിന് പിന്നാലെ ടി.കെ.പൂക്കോയ തങ്ങളോട് എസ്.പി. ഓഫിസില്‍ ഹാജരാകാന്‍ ആവശ്യപ്പെട്ടെങ്കിലും അറസ്റ്റ് ഭയന്ന് മടങ്ങിയെന്നാണ് സൂചന.
കമറുദീന് അറസ്റ്റിലായിട്ടും നിക്ഷേപകര്‍ പൊലീസിനെ സമീപിക്കുന്നത് തുടരുകയാണ്. ജ്വല്ലറിയില്‍ നിക്ഷേപിച്ച 11 ലക്ഷം തിരികെ ലഭിച്ചില്ലെന്ന് വലിയപറമ്പ സ്വദേശിയും 10 ലക്ഷം നിക്ഷേപിച്ച് തിരികെ ലഭിച്ചില്ലെന്ന് കണ്ണൂര്‍ സ്വദേശിനിയും പരാതി നല്കി. ഇതോടെ നിക്ഷേപ തട്ടിപ്പില്‍ പൊലീസ് റജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 117 ആയി.