കന്നഡ സിനിമ മേഖലയിലെ ലഹരി ഇടപാട് കേസുമായി ബന്ധപ്പെട്ട് നടിയും മോഡലുമായ സഞ്ജന ഗല്‍റാണി കസ്റ്റഡിയില്‍. ബംഗളൂരു ലഹരിമരുന്ന് കേസിലാണ് കസ്റ്റഡിയിലായത്. ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യും. സഞ്ജനയുടെ വീട്ടില്‍ സെന്‍ട്രല്‍ ക്രൈം ബ്രാഞ്ച് റെയ്ഡ് നടത്തിയിരുന്നു. ഇന്ന് രാവിലെയാണ് സേര്‍ച് വാറണ്ടുമായി പൊലീസ് സംഘം ഇവരുടെ ബംഗളൂരുവിലെ വീട്ടിലെത്തിയത്. ഇന്നലെ ഇവരോട് ചോദ്യം ചെയ്യലിന് ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നു.
ബംഗളൂരു ക്രൈം ബ്രാഞ്ച് ആസ്ഥാനത്ത് ഹാജരാകാനാണ് നടിക്ക് നോട്ടീസ് നല്‍കിയിരുന്നത്. എന്നാല്‍ നടി ചോദ്യം ചെയ്യലിന് ഹാജരായിരുന്നില്ല. കേസില്‍ നേരത്തെ അറസ്റ്റിലായ ലഹരി പാര്‍ട്ടി നടത്തിപ്പുകാരന് വിരേന്‍ ഖന്നയുടെ വീട്ടിലും റെയ്ഡ് നടത്തിയെന്ന് സിസിബി.
അതേസമയം ഇന്നലെ ലഹരി മരുന്നുമായി പിടിയിലായ മലയാളി നിയാസിന് സഞ്ജനയുമായി പരിചയം ഉണ്ടായിരുന്നതായാണ് സൂചന. ബെംഗളൂരു നഗരത്തില്‍ ലഹരി മരുന്ന് വേട്ടയും, റെയ്ഡുകളും വ്യാപകമായി തുടരുകയാണ്.