ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസിലെ അറസ്റ്റ് രാഷ്ട്രീയ പ്രേരിതമെന്ന് എം.സി. കമറുദ്ദീന് എംഎല്‍എ. തിരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് രാഷ്ട്രീയ പ്രേരിതമായ നീക്കമായിരുന്നു തന്റെ അറസ്റ്റെന്ന് ലീഗ് എംഎല്‍എ എം.സി. കമറുദീന് മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ എത്തിച്ചപ്പോള്‍ മാധ്യമങ്ങളോടായിരുന്നു എംഎല്‍എയുടെ പ്രതികരണം. സര്‍ക്കാര്‍ സ്വന്തം തെറ്റ് മറച്ചുവയ്ക്കാന്‍ തന്നെ ബലിയാടാക്കി. തിങ്കളാഴ്ച കേസ് ഹൈക്കോടതിയില്‍ വരുന്നുണ്ട്. എന്നാല്‍ അതിനുപോലും സര്‍ക്കാര്‍ കാത്തുനിന്നില്ല. അറസ്റ്റിന് മുമ്പ് നോട്ടീസ് നല്‍കിയില്ല. തന്നെ തകര്‍ക്കാന്‍ കഴിയില്ലെന്നും വൈകാരികമായി എംഎല്‍എ പ്രതികരിച്ചു.
ഇന്ന് 3.30 ഓടെയാണ് ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ എംസി കമറുദ്ദീന് എംഎല്‍എയെ അറസ്റ്റ് ചെയ്തത്. ചന്ദേര സ്റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് അറസ്റ്റ്. 15 കോടിയുടെ തട്ടിപ്പ് തെളിഞ്ഞെന്ന് പൊലീസ് പറയുന്നു. എംഎല്‍എയ്ക്ക് എതിരെ ചുമത്തിയത് ഗുരുതര വകുപ്പുകളാണ്. തെളിവുകളെല്ലാം എംഎല്‍എയ്ക്ക് എതിരെന്ന് അന്വേഷണ സംഘം പറയുന്നു. കേസില്‍ ജ്വല്ലറി മാനേജിംഗ് ഡയറക്ടര്‍ ടി കെ പൂക്കോയ തങ്ങളെയും അറസ്റ്റ് ചെയ്തേക്കും. തങ്ങളെ എസ് പി ഓഫീസിലേക്ക് വിളിപ്പിച്ചിട്ടുണ്ട്.
എം സി കമറുദ്ദീനെ പ്രത്യേക അന്വേഷണസംഘം ചോദ്യം ചെയ്യുകയായിരുന്നു. നിക്ഷേപ സമാഹരണം നടത്തിയത് തന്റെ മാത്രം ഉത്തരവാദിത്തത്തിലല്ലെന്ന് അന്വേഷണ സംഘത്തിന് മുന്നില്‍ കമറുദ്ദീന്റെ മൊഴി നല്‍കിയിരുന്നു. ജ്വല്ലറി നിക്ഷേപ തട്ടിപ്പ് കേസില്‍ പരാതികളുടെ എണ്ണം 115 ആയ ഘട്ടത്തിലാണ് പ്രത്യേക അന്വേഷണ സംഘം എം. സി. കമറുദ്ദീനെ ചോദ്യം ചെയ്തത്. കാസര്‍ഗോഡ് എഎസ്പി വിവേക് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് രാവിലെ 10.30 മുതല്‍ ജില്ലാ പൊലീസ് മേധാവിയുടെ ഓഫീസില്‍ എംഎല്‍എയെ ചോദ്യം ചെയ്യാന്‍ ആരംഭിച്ചത്.
മാനേജിങ് ഡയറക്ടറും മറ്റ് ഡയറക്ടര്‍മാരും ചേര്‍ന്ന് ചതിക്കുകയായിരുന്നുവെന്ന് കമറുദ്ദീന് അന്വേഷണ സംഘത്തിനു മുമ്പാകെ മൊഴി നല്‍കിയിരുന്നു. നിക്ഷേപ സമാഹരണം നടത്തിയത് തന്റെ ഉത്തരവാദിത്തത്തില്‍ മാത്രമല്ലെന്നും തന്റെ പേരില്‍ ബിനാമി ഇടപാടുകള്‍ ഇല്ലെന്നും പണമിടപാടുകളില്‍ നേരിട്ട് ബന്ധമില്ലെന്നും കമറുദ്ദീന് വ്യക്തമാക്കിയിരുന്നു.
അതേസമയം മഞ്ചേശ്വരത്തെ ലീഗ് എംഎല്‍എ എം.സി. കമറുദീന്റെ അറസ്റ്റ് ചെയ്ത സമയം രാഷ്ട്രീയപ്രേരിതമെന്ന് യുഡിഎഫ് കണ്‍വീനര്‍ എം.എം.ഹസനും പ്രതികരിച്ചു. നിയമം നിയമത്തിന്റെ വഴിക്ക് പോകട്ടെയെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് മാധ്യമങ്ങളോട് പറഞ്ഞു.