വടകര: കൂടത്തായിയിലെ കൊലപാതകത്തില്‍ ഷാജുവിന്റെ പങ്കിന് നിര്‍ണ്ണായക തെളിവുകള്‍ ലഭിച്ചതോടെ അറസ്റ്റ് വൈകിട്ടോടെ രേഖപ്പെടുത്തും. ജോളിയുടെ കൂട്ടാളികളായ സിപിഎം ലീഗ് പ്രാദേശിക നേതാക്കളായ രണ്ടുപേരും ജീവനക്കാരനുമടക്കം മൂന്നുപേര്‍ക്ക് കൃത്യത്തിലുള്ള പങ്കടക്കം നിര്‍ണ്ണായ വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ലഭിച്ചു. ഒസിയത്ത് തയ്യാറാക്കിയതടക്കം പ്രാദേശിക നേതാക്കളുടെ പിന്തുണ ജോളിക്ക് ലഭിച്ചതായാണ് കണ്ടെത്തല്‍ ഇതിനിടെ മുന്‍പ് കേസന്വേഷിച്ച എസ്.ഐയെ അന്വേഷണസംഘം രഹസ്യകേന്ദ്രത്തില്‍ ചോദ്യം ചെയ്യുകയാണ്. സയനൈഡ് ഉപയോഗിച്ചാണ് ആദ്യമരണങ്ങള്‍ എന്ന് തെളിഞ്ഞിട്ടും കൂടുതല്‍ അന്വേഷണം നടത്താത്തത് ബാഹ്യ ഇടപെടലിലാണന്ന കണ്ടെത്തലിനെ തുടര്‍ന്നാണ് ചോദ്യം ചെയ്യല്‍.
കൃത്യങ്ങളെ കുറിച്ച് അറിയാമായിരുന്നുവെന്നും ജോളിയെ ഭയന്നാണ് പുറത്ത് പറയാതെയിരുന്നതെന്നും ഷാജു മൊഴി നല്കി. ഭാര്യയുടെയും മകളുടെയും മരണം കൊലപാതകമാണെന്ന് അറിയാമായിരുന്നു. തന്നെയും കൊല്ലുമെന്ന് ഭയന്നിരുന്നെന്നും ഷാജു പറഞ്ഞു. ജോളിക്ക് വലിയ സ്വാധീനമുള്ള സുഹൃത്തുക്കളുണ്ടായിരുന്നെന്നും ഒരു അധ്യാപകനെന്ന നിലയ്ക്ക് ചെയ്യാന്‍ പാടില്ലാത്ത കാര്യങ്ങളാണ് താന്‍ ചെയ്തതെന്നും ഷാജു ക്രൈംബ്രാഞ്ചിനോട് വ്യക്തമാക്കി. മൊഴികളില്‍ വൈരുദ്ധ്യമുണ്ടെന്ന പോലീസ് കണ്ടെത്തലിനെ തുടര്‍ന്നാണ് ഷാജുവിനെ കസ്റ്റഡിയിലെടുത്തത്. ചോദ്യം ചെയ്യൽ പുരോഗമിക്കുകയാണ്. അറസ്റ്റ് ഇന്ന് വൈകിട്ടോടെ രേഖപ്പെടുത്തുവാനുള്ള നീക്കത്തിലാണ് അന്വേഷണ സംഘം.
ഇതിനിടെ ഷാജുവിന്റെ അറസ്റ്റക്കമുള്ള കാര്യങ്ങളിലേക്ക് കടക്കുന്നതിന് മുന്നോടിയായി ചില നിർണ്ണായക വിവരങ്ങൾ കൂടി അന്വേഷണ സംഘത്തിന് കണ്ടെത്തേണ്ടതുണ്ട്. അങ്ങനെയെങ്കിൽ അറസ്റ്റ് രേഖപ്പെടുത്തലsക്കുള്ള കാര്യങ്ങൾ വൈകും.